അപകട ഭീഷണി; പടുതക്കുളം മൂടാൻ പഞ്ചായത്ത് നിർദേശം
text_fieldsഈരാറ്റുപേട്ട: തീക്കോയി വേലത്തുശ്ശേരിക്ക് മുകളിൽ കുളത്തുങ്കൽ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടുതക്കുളം മണ്ണിട്ട് മൂടാൻ പഞ്ചായത്ത് നോട്ടീസ് നൽകി. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ കുളത്തുങ്കലിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ 20 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന മൂന്ന് പടുതക്കുളമാണുള്ളത്.
ഒരെണ്ണം പുതിയതായി നിർമിക്കുന്നു. ഇതാണ് മൂടാൻ നിർദേശിച്ചത്. ജലസേചന വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും അനുമതിയോടെ നിർമിച്ചതാണിവ. എന്നാൽ, പുതിയ സാഹചര്യത്തിൽ ഈ പ്രദേശങ്ങൾ പരിസ്ഥിതി സംരക്ഷണ മേഖലകളായതോടെയാണ് പരാതി ഉയർന്നത്. മലമുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടമാണെന്ന് കാണിച്ച് തഹസിൽദാർക്കും പഞ്ചായത്തിനും നാട്ടുകാർ പരാതി നൽകിയിരുന്നു.
അപകടകരമായ രീതിയിൽ വെള്ളം ശേഖരിച്ചിട്ടുണ്ടെന്ന് പരാതി ലഭിച്ചപ്പോൾ അസി. എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു. ഇത്രയധികം വെള്ളം കെട്ടിനിർത്തുന്നത് അപകടസാധ്യതയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നോട്ടീസ് നൽകാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് പറഞ്ഞു.
നേരത്തേ നിർമിച്ച മൂന്ന് പടുതക്കുളത്തിലെ വെള്ളം തുറന്നുവിടാനും നിർദേശം നൽകിയിരുന്നു. പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തി. പ്രസിഡന്റ് കെ.സി. ജയിംസ്, വൈസ് പ്രസിഡന്റ് മാജി തോമസ്, സെക്രട്ടറി സുരേഷ് സാമുവൽ, അസി. എൻജിനീയർ എ.ഡി. സുജ , ഓവർസിയർ നജീബ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.