ഈരാറ്റുപേട്ടയിൽ ഗതാഗത പരിഷ്കാരത്തിന് തീരുമാനം
text_fieldsഈരാറ്റുപേട്ട: നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരം കാണാനായി സെപ്റ്റംബർ മുതൽ ഗതാഗത പരിഷ്ക്കാരം നടപ്പാക്കാൻ തീരുമാനം. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിവിധ രാഷ്ട്രീയ കക്ഷികളുടേയും യോഗത്തിലാണ് ധാരണ. സെപ്റ്റംബർ ആദ്യം മുതൽ പുതിയ ഗതാഗത നിർദേശങ്ങൾ നടപ്പാക്കാനും ദീർഘ കാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടുന്ന പദ്ധതികളുടെ രൂപ രേഖ തയാറാക്കി സമർപ്പിക്കാനും തീരുമാനമായി.
കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ് മാറ്റണോയെന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനമെടുക്കും. അടുത്ത നഗരസഭാ അജണ്ടയിൽപെടുത്തി ഇക്കാര്യം ചർച്ച ചെയ്യണമെന്ന് എം.എൽ.എ നിർദേശിച്ചു.
ഫുട്പാത്തും റോഡും കൈയേറിയുള്ള കച്ചവടം പൂർണമായി ഒഴിപ്പിക്കും. സൗകര്യപ്പെടുന്നിടത്തെല്ലാം കാൽനടക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കണം. ബസ് സ്റ്റാന്റിൽനിന്ന് പുറപ്പെടുന്ന ബസുകൾ എവിടേയും നിർത്തി ആളെ കയറ്റുന്ന രീതി അവസാനിപ്പിക്കണം. ഗതാഗത തിരക്ക് ഒഴിവാക്കുന്ന രീതിയിൽ നഗരത്തിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുന്നതിനെകുറിച്ച് പഠിച്ച് രണ്ടാഴ്ചക്കകം പഠിച്ച് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി. ഓട്ടോറിക്ഷ, കാർ, ലോറി, പിക്കപ്പ് തുടങ്ങി എല്ലാ വാടക വാഹനങ്ങൾക്കും പാർക്കിംഗിനായി പ്രത്യേക സ്ഥലം (സ്റ്റാന്റ്) നിശ്ചയിച്ച് സ്റ്റാന്റ് പെർമിറ്റ് നൽകും.
എല്ലാ ഓട്ടോകൾക്കും കൃത്യമായി സ്റ്റാന്റ് നിശ്ചയിച്ച് കൊടുക്കും. പെർമിറ്റുള്ള വാഹനങ്ങളെ മാത്രമേ സ്റ്റാന്റിൽ പ്രവേശിക്കാൻ അനുവദിക്കൂ. മഞ്ചാടി തുരുത്ത് കേന്ദ്രീകരിച്ച് പേ ആന്റ് പാർക്കിംഗ് സംവിധാനം ഒരുക്കാൻ ശ്രമിക്കും. ഇതിനായി നിയന്ത്രണങ്ങൾക്ക് വിധേയമായി റവന്യൂ വകുപ്പിന്റെ അനുമതിയോടെ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കും. മഞ്ചാടി തുരുത്തിൽ ഓപൺ സ്റ്റേജ് നിർമിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
ഇതു കൂടാതെ യോഗത്തിൽ ഉയർന്ന മറ്റ് നിർദേശങ്ങൾ ക്രോഡീകരിച്ച് തീരുമാനമെടുക്കാൻ മുനിസിപ്പൽ ഭരണ സമിതിയെ ചുമതലപ്പെടുത്തി.
പ്രധാന റോഡുകളിലെ തിരക്ക് കുറക്കാൻ റിങ് റോഡുകൾ വികസിപ്പിക്കുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. 2025 ലെ പദ്ധതിയിൽ പെടുത്താൻ കഴിയുന്ന രീതിയിൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ സഹകരണത്തോടെ റോഡുകൾ വികസിപ്പിക്കാനും ശ്രമിക്കും. അനുയോജ്യമായ രൂപരേഖ തയാറാക്കണം. ഇത്തരത്തിൽ വികസിപ്പിക്കാൻ കഴിയുന്ന റോഡുകൾ പരിശോധിക്കുന്നതിനും പ്രോജക്ട് സമർപ്പിക്കാനും അസി. എൻജിനീയറെ ചുമതലപ്പെടുത്തി.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ വി.എം. ഇല്യാസ്, നഗരസഭ കൗൺസിലർമാരായ പി.എം. അബ്ദുൽ ഖാദർ, സുനിൽ കുമാർ, എസ്.കെ. നൗഫൽ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, സജീർ ഇസ്മായിൽ, അബ്ദുല്ലത്തീഫ് കാരയ്ക്കാട് എന്നിവരും പങ്കെടുത്തു.
പ്രധാന നിർദേശങ്ങൾ
- കുരിക്കൾ നഗർ-മാർക്കറ്റ് റോഡ് വൺവേ ആക്കും. കുരിക്കൾ നഗറിൽനിന്ന് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. തിരിച്ചു വരേണ്ട വാഹനങ്ങൾ വിൻമാർട്ട് റോഡ് വഴിയോ ആർ.എച്ച്.എം ജങ്ഷൻ വഴിയോ തിരിച്ചു വരണം
- തെക്കേക്കര കോസ്വേ വൺവേ സംവിധാനത്തിലാകും. തെക്കേക്കര കോസ്വേയിൽനിന്നുള്ള വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് സെൻട്രൽ ജങ്ഷൻ ചുറ്റി മാർക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്തേക്കും പോകണം. ടൗണിൽനിന്ന് കോസ്വേയിലേക്ക് പ്രവേശനം ടൂ വീലറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും.
- കോസ്വേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിക്കും.
- കുരിക്കൾ നഗറിലെ ബസുകളുടെ അനധികൃത പാർക്കിങും ഓട്ടോകളുടെ കറക്കവും അവസാനിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.