ഇളപ്പുങ്കൽ-കാരക്കാട് പാലം തകർന്നിട്ട് രണ്ടുവർഷം: പുതിയ പാലത്തിന് തീരുമാനമായില്ല
text_fieldsഈരാറ്റുപേട്ട: ഇളപ്പുങ്കൽ-കാരക്കാട് പാലം തകർന്നിട്ട് രണ്ട് വർഷമായിട്ടും പുതിയപാലം സംബന്ധിച്ച തീരുമാനമായില്ല. 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിലാണ് ഇളപ്പുങ്കൽ-കാരക്കാട് പാലത്തിന്റെ പകുതിയിലധികം ഭാഗവും തകർന്നത്. ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് നിർമിച്ചതാണ് ഈ നടപ്പാലം. പാലം തകർന്നതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴ് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇവിടത്തെ വിദ്യാർഥികൾ കാരക്കാട് സ്കൂളിലേക്ക് പോകുന്നതും തിരികെ എത്തുന്നതും.
ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗതയോഗ്യമായ പാലം പണിയണമെന്ന് ഒന്നരവർഷം മുമ്പ് പ്രമേയം പാസാക്കി സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. കാരക്കാട് സ്കൂളിലെ വിദ്യാർഥികൾ പൊതുമരാമത്ത് മന്ത്രിക്ക് വാഗമൺ റോഡ് നിർമാണോദ്ഘാടന വേളയിൽ നേരിട്ട് നിവേദനവും സമർപ്പിച്ചിരുന്നു. പാലം തകർന്നതിന് ശേഷം മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ സന്ദർശനം നടത്തി നിർമാണ പ്രവർത്തനത്തിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെന്നത് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിന് സമീപത്ത് കൂടെയാണ് കടന്നുപോകുന്നത്. വീതികൂട്ടി ഇവിടെ പാലം നിർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തിലെത്താനും ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.