കോട്ടയത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിൽ വ്യാപക നഷ്ടം
text_fieldsഈരാറ്റുപേട്ട: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും പേമാരിയിലും വ്യാപക നാശനഷ്ടം. ചിലയിടങ്ങളിൽ ഇന്നലെയും മഴ തുടർന്നു. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്പശ്ശേരി, വെള്ളികുളം, കാരികാട് എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടു വീടുകൾക്ക് ഭാഗികമായി നഷ്ടമുണ്ടായി. പല വീടുകളുടെയും സംരക്ഷണ ഭിത്തി ഇടിഞ്ഞു. നിരവധി കുടുംബങ്ങളുടെ കൃഷിഭൂമിയും കൃഷികളും നശിച്ചു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. റോഡുകളുടെ ഓടകളും കലുങ്കുകളും മണ്ണും കല്ലും ചളിയും അടിഞ്ഞ് വെള്ളം ഒഴുക്ക് തടസ്സപ്പെട്ടു.
ചെരുവിൽ റെജി ജോസഫ്, കുന്നേൽ സെബാസ്റ്റ്യൻ എന്നിവരുടെ വീടിന് ഭാഗിക നഷ്ടം സംഭവിച്ചു. താന്നിക്കൽ സിജോ ജയിംസ്, മുണ്ടപ്പള്ളിയിൽ സെബാസ്റ്റ്യൻ, കല്ലേക്കുളത്ത് ഷാജി, കുളങ്ങര സോജി വർഗീസ്, ലിബിൻ സെബാസ്റ്റ്യൻ കുന്നേൽ, കെ.ജെ. സെബാസ്റ്റ്യൻ, ലിബിൻ തോട്ടത്തിൽ, എൽ.എം. ജോസഫ് എന്നിവരുടെ കൃഷിഭൂമിക്കാണ് പ്രധാനമായും നഷ്ടമുണ്ടായത്. റോഡുകളിലുണ്ടായ തടസ്സങ്ങൾ പഞ്ചായത്ത് അടിയന്തരമായി നീക്കം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് മെംബർമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, സിബി രഘുനാഥൻ, സിറിൾ റോയി,പി.എസ്. രതീഷ് , കവിത രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, മുൻ മെംബറായ സണ്ണി കണിയാംകണ്ടം ഉൾപ്പെടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള അടിയന്തര ജോലി നടന്നുവരുന്നു . പൊലീസ്, അഗ്നിരക്ഷാസേന , റവന്യൂ , ആരോഗ്യവകുപ്പ് , കൃഷിവകുപ്പ് എന്നിവരും നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു. കലക്ടർ വിഘ്നേശ്വരി നേരത്തേതന്നെ സ്ഥലം സന്ദർശിച്ചിരുന്നു. വീടും കൃഷിഭൂമിയും നാശനഷ്ടമുണ്ടായവർക്ക് ഗവ. അടിയന്തര സഹായം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.