ഈരാറ്റുപേട്ട -വാഗമൺ റോഡ് ഉദ്ഘാടനം ഏഴിന്
text_fieldsഈരാറ്റുപേട്ട: നവീകരിച്ച ഈരാറ്റുപേട്ട -വാഗമൺ റോഡ് ഏഴിന് വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റീ ടാറിങ് ചെയ്ത് സൈഡ് കോൺക്രീറ്റിങ്, ഓട നിർമാണം, കലുങ്ക് നിർമാണം, സംരക്ഷണഭിത്തികൾ തുടങ്ങിയവ പൂർത്തീകരിച്ചാണ് റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്. ഇതിന് 20 കോടി രൂപ അനുവദിച്ചിരുന്നു. കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി, റീ ടാർ ചെയ്യാൻ 64 കോടി കിഫ്ബി മുഖേനയും അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. 2021 ഫെബ്രുവരിയിൽ പണി തുടങ്ങിയെങ്കിലും ആദ്യം കരാർ ഏറ്റെടുത്ത കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ അവരെ ഒഴിവാക്കി. തുടർന്നാണ് ടെൻഡറിൽ മുന്നിലെത്തിയ ഊരാളുങ്കലിന് പ്രവൃത്തി കൈമാറിയത്. ആദ്യഘട്ടമായി തീക്കോയി -വാഗമൺ ഭാഗം യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ചു. വാഗമൺ വരെ ശേഷിക്കുന്ന ഭാഗത്ത് ഒന്നാംഘട്ട ബി.എം ടാറിങ്ങും തുടർന്ന് രണ്ടാംഘട്ട ഉപരിതല ടാറിങ്ങും വേഗത്തിൽ പൂർത്തീകരിച്ചു. വീതി കുറഞ്ഞതും മഴ വെള്ളപ്പാച്ചിലിൽ തകരാൻ സാധ്യതയുള്ളതുമായ ഇടങ്ങളിൽ റോഡിന് ഇരുവശങ്ങളിലും മറ്റിടങ്ങളിൽ ഒരു വശത്തും ഉപരിതല ഓടകൾ നിർമിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുടെ പുനർനിർമാണം, തെർമോ പ്ലാസ്റ്റിക് റോഡ് മാർക്കിങ്, റോഡ് സ്റ്റഡ്സ്, ദിശാബോർഡുകൾ, വിവിധ തരത്തിലുള്ള സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.