ഈരാറ്റുപേട്ട-വാഗമൺ റോഡ് ഉദ്ഘാടനം ആഘോഷമാക്കി നാട്
text_fields ഈരാറ്റുപേട്ട: നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഉദ്ഘാടനം ആഘോഷമാക്കി നാട്. അരുവിത്തുറ പള്ളിക്ക് സമീപം മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും നാട് ഘോഷയാത്രയോടെ വരവേറ്റു. 19.90 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.
ലോകമലയാളികൾ പരിഹരിക്കണമെന്ന് ആഗ്രഹിച്ച പ്രശ്നമാണ് വാഗമൺ റോഡ് നവീകരിച്ചതിലൂടെ സാധ്യമാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും ഏറ്റവും കൂടുതൽ പേർ ഉന്നയിച്ച പ്രശ്നമായിരുന്നു ഇത്. സ്ഥലം ഏറ്റെടുക്കൽ അടക്കം നടപടിക്രമങ്ങൾ കാലതാമസമുണ്ടാക്കുമെന്നതും കാലവർഷത്തിൽ തകർന്ന റോഡിന്റെ സ്ഥിതിയും ടൂറിസം സാധ്യതകളും കണക്കിലെടുത്താണ് ഈരാറ്റുപേട്ട-വാഗമൺ റോഡ് 19.90 കോടി രൂപ മുടക്കി അടിയന്തരമായി നവീകരിച്ചത്. റോഡിന്റെ നവീകരണ പുരോഗതി ആഴ്ചതോറും വിലയിരുത്തിയിരുന്നു. അരിക്കൊമ്പനെ കൊണ്ടുപോയപ്പോഴാണ് കേരളത്തിലെ റോഡുകളുടെ നിലവാരം മാധ്യമങ്ങളിലൂടെ ആളുകളുടെ മുന്നിലെത്തിയത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ നിർമിക്കുന്ന ദേശീയപാത 2025ൽ പൂർത്തിയാകുമെന്നും മലയോരപാതയും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാഗമണ്ണിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റാൻ ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നവീകരണത്തിനും വീതികൂട്ടലടക്കം വികസന പ്രവർത്തനങ്ങളുംകൊണ്ട് സാധിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സ്വാഗതം പറഞ്ഞു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി, വാഴൂർ സോമൻ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.