എറണാകുളം ഗവ. മെഡിക്കൽ കോളജ്: ബലിയാടാക്കിയെന്ന് സസ്പെൻഷനിലായ നഴ്സിങ് ഓഫിസർ
text_fieldsകോട്ടയം: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ തന്നെ ബലിയാടാക്കിയെന്ന് സസ്പെൻഷനിലായ നഴ്സിങ് ഓഫിസർ ജലജാദേവി. സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ഇവർ നഴ്സിങ് സൂപ്രണ്ട് പറഞ്ഞിട്ടാണ് വാട്സ്ആപ്പില്‍ ശബ്ദസന്ദേശം ഇട്ടതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരും ഡി.എം.ഇയും കുടുക്കാൻ ശ്രമിക്കുകയായിരുന്നു. ഹാരിസിെൻറ മരണത്തിൽ ചികിത്സപ്പിഴവുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇത്തരത്തിൽ പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. സഹപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്താൻ വേണ്ടി നഴ്സിങ് സൂപ്രണ്ട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നും അവർ പറഞ്ഞു.
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിതനായിരുന്ന ഫോർട്ട്കൊച്ചി സ്വദേശി സി.കെ. ഹാരിസ് മരിച്ച സംഭവത്തിൽ നഴ്സിങ് ഓഫിസര്‍ ജലജാദേവിയുടെ വാട്സ്ആപ് സന്ദേശം വിവാദമായിരുന്നു.
സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇതിനിടെ, ജലജാദേവിയെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് സസ്പെന്ഷന് ഓര്‍ഡര്‍ ഇവർക്ക് ലഭിച്ചത്. ഇതിനുപിന്നാലെയാണ് ഇവർ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിനാണ് സസ്പെൻഷനെന്നാണ് ലഭിച്ച ഓര്‍ഡറില്‍ പറയുന്നത്. എന്നാൽ, താനല്ല മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്. സ്റ്റാഫ് നഴ്സുമാര്‍ മാത്രമുള്ള ഗ്രൂപ്പിലാണ് വോയിസ് മെസേജ് ഇട്ടത്. ഇത് മറ്റാരോ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇത് അന്വേഷിക്കാൻ തയാറാകുന്നില്ല. പകരം തന്നെ മനഃപൂര്‍വം വിവാദങ്ങളില്‍ വലിച്ചിഴച്ചു. മേലുദ്യോഗസ്ഥരായ ചിലരാണ് പിന്നിൽ. സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്നും ജലജാദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.