ആഘോഷ പരിപാടിക്കിടെ പതിനേഴുകാരനെ പൊലീസ് ലാത്തികൊണ്ട് മർദിച്ചതായി പരാതി
text_fieldsഎരുമേലി: ശ്രീനിപുരം നാല് സെന്റ് കോളനിയിൽ കുട്ടികൾ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ പതിനേഴുകാരനെ പൊലീസ് ലാത്തികൊണ്ട് അടിച്ചതായി പരാതി. ശ്രീനിപുരം നിരപ്പേൽ ബിനീഷാണ് മകൻ അമ്പാടിയെ പൊലീസ് മർദിച്ചതായി പരാതിയുമായി എത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ആഘോഷ പരിപാടിക്കിടെ സംഘർഷമുണ്ടായിരുന്നു. ഇതോടെ എരുമേലി എസ്.ഐയുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. പൊലീസ് എത്തിയതോടെ ബഹളം ഉണ്ടാക്കിയവർ രക്ഷപ്പെട്ടു.
ഇതിനിടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ വീടിന്റെ സമീപത്തുവെച്ച് പൊലീസ് ആദ്യം അടിക്കുകയായിരുന്നുവെന്ന് ബിനീഷ് പറഞ്ഞു. എന്നാൽ, താൻ ഒഴിഞ്ഞുമാറി. ഇതുകണ്ട് മകൻ അമ്പാടി പ്രശ്നം എന്താണെന്ന് ചോദിച്ചതോടെ മകനെ അടിക്കുകയായിരുന്നുവെന്ന് ബിനീഷ് പറയുന്നു. പരിപാടി സ്ഥലത്തെത്തിയ പൊലീസ് സംഘം പരിപാടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് മൈക്കുകൾ പിടിച്ചുവെച്ചത് നാട്ടുകാരുമായി വാക്കേറ്റത്തിന് കാരണമായി. സംഭവമറിഞ്ഞ് എത്തിയ മുണ്ടക്കയം എസ്.എച്ച്.ഒ ഇടപെട്ടതോടെയാണ് ഇവർ പിന്തിരിഞ്ഞത്.
എന്നാൽ, അകാരണമായി അമ്പാടിയെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പുലർച്ചയോടെ നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചെത്തിയെങ്കിലും മുണ്ടക്കയം എസ്.എച്ച്.ഒ നടത്തിയ അനുരഞ്ജന ചർച്ചയിൽ പ്രതിഷേധക്കാർ പിന്തിരിഞ്ഞു. അമ്പാടിയെ മർദിച്ച പൊലീസുകാരനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്ന് ബിനീഷ് പറഞ്ഞു.
എന്നാൽ, പൊലീസിനെതിരെ ഉണ്ടായ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് എരുമേലി എസ്.ഐ ശാന്തി കെ. ബാബു പറഞ്ഞു. പൊലീസ് ആരെയും മർദിച്ചിട്ടില്ലെന്നും സമയം അവസാനിച്ചതിനാൽ നിർത്തിവെക്കാൻ ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.