ബ്രേക്ക് നഷ്ടപ്പെട്ട ബസിനു രക്ഷയായത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഇടപെടൽ
text_fieldsഎരുമേലി: പമ്പാപാതയിലെ കണമല ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട തീർഥാടകർ സഞ്ചരിച്ച ബസ് തലനാരിഴക്ക് രക്ഷപ്പെട്ടത് മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ. നിയന്ത്രണംവിട്ട തീർഥാടക വാഹനത്തെ ഇടിച്ചുനിർത്താനുള്ള അവസരം കെ.എസ്.ആർ.ടി.സി ജീവനക്കാർ ഒരുക്കിനൽകിയതാണ് വൻ ദുരന്തംവഴി മാറാൻ കാരണമായത്.
നിരവധി അപകടമരണങ്ങൾ സംഭവിച്ചിട്ടുള്ള കണമല ഇറക്കത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആന്ധ്ര സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് തകരാറിലാകുകയായിരുന്നു. തീർഥാടകരുടെ ബഹളംകേട്ട് എറണാകുളത്തുനുന്ന് പമ്പയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാർ ഉടൻ വേഗത കുറച്ച് തീർഥാടകവാഹനത്തെ ഇടിച്ചുനിർത്താൻ സഹായിക്കുകയായിരുന്നു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എരുമേലിയിൽനിന്ന അഗ്നിരക്ഷസേനയും സ്ഥലത്തെത്തി. എരുമേലിയിൽ നിന്നെത്തിച്ച രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി ഇരുവാഹനത്തിലെയും തീർഥാടകരെ പമ്പയിലേക്കയച്ചു. സർക്കാർ ബസിനുണ്ടായ നഷ്ടം തീർഥാടകർ നൽകി.
സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരായ കണ്ടക്ടർ എം.ബി. രാജീവിനും ഡ്രൈവർ പി.ആർ. സന്തോഷിനും അഭിനന്ദനപ്രവാഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.