കെട്ടിടം അപകടാവസ്ഥയിൽ:എരുമേലി കെ.എസ്.ആർ.ടി.സി ജീവനക്കാർ ഭീതിയിൽ
text_fieldsഎരുമേലി: വലിയതോടിനോട് ചേർന്നുള്ള എരുമേലിയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലായതോടെ ജീവനക്കാർ ഭീതിയിൽ. ഒരുമാസത്തിനിടെ മൂന്നുതവണ വെള്ളംകയറിയ ഡിപ്പോയുടെ ഭിത്തികൾ അടിയിൽനിന്ന് ദ്രവിച്ചു.
കോൺക്രീറ്റ് മേൽക്കൂര ഏതുനിമിഷവും നിലംപതിക്കുമെന്ന തരത്തിലാണ്. ഡിപ്പോയിലെ ടിക്കറ്റ് ആൻഡ് കാഷ് സെക്ഷനും യാത്രക്കാർക്കായുള്ള ശൗചാലയവുമാണ് ഏറ്റവും അപകടാവസ്ഥയിൽ നിൽക്കുന്നത്.
ശൗചാലയത്തിെൻറ തറ പൂർണമായും വിട്ടുമാറിയ നിലയിലാണ്. കനത്തമഴയിൽ ഡിപ്പോയുടെ സംരക്ഷണഭിത്തി തോട്ടിലേക്ക് ഇടിഞ്ഞുവീണിരുന്നു. തറകൾ ഇടിഞ്ഞുതാഴുകയും ഭിത്തികൾ വിണ്ടുകീറുകയും ചെയ്തതോടെ ജീവൻ പണയംവെച്ചാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യമായി ജനകീയാസൂത്രണ പദ്ധതിപ്രകാരം നിർമിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് എരുമേലിയിലേത്. 124 ജീവനക്കാർ ജോലിചെയ്യുന്ന എരുമേലിയിൽനിന്ന ദീർഘദൂര സർവിസുകൾ ഉൾപ്പെടെ 23 ഷെഡ്യൂളുകളാണ് നിലവിൽ ഓപറേറ്റ് ചെയ്യുന്നത്. ശബരിമല തീർഥാടകർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്.
ഡിപ്പോക്ക് പുതിയ കെട്ടിടം നിർമിക്കാൻ എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി കൂട്ടായ ഇടപെടലുകൾ നടത്താമെന്നും ബലക്ഷയം സംബന്ധിച്ച് സർക്കാർ തലത്തിൽ അടിയന്തര റിപ്പോർട്ട് നൽകാമെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ്കുട്ടി പറഞ്ഞു.
ശൗചാലയ നവീകരണത്തിന് മൂന്നരലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് അംഗം ജസ്ന നജീബ് പറഞ്ഞു. പ്രവർത്തനം അടിയന്തരമായി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നും തീർഥാടകർ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ അടിയന്തര പരിഹാരം കാണണമെന്നും എംപ്ലോയീസ് അസോ. എരുമേലി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അനൂപ് അയ്യപ്പൻ, എബി ഡേവിഡ്, ടി.എസ്. ജയകുമാർ, വി. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.