എരുമേലിയിൽ കാർ ചാർജിങ്ങിന് സൗകര്യമില്ല; മോട്ടോർ വാഹന വകുപ്പിന് പ്രതിസന്ധി
text_fieldsഎരുമേലി: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് എരുമേലിയിൽ എത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഇലക്ട്രിക്കൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ചാർജിങ് പോയന്റുകൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നു. തീർഥാടന നാളിൽ വിവിധ റൂട്ടുകളിൽ ഓടുന്ന വാഹനങ്ങൾ പൊൻകുന്നത്ത് എത്തിച്ച് ചാർജ് ചെയ്യേണ്ട അവസ്ഥയാണ്. ഫുൾ ചാർജിൽ 200 കിലോമീറ്ററോളം ഇലക്ട്രിക് വാഹനത്തിന് ഓടാൻ കഴിയുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വാഹനത്തിന്റെ കാലപ്പഴക്കം കൊണ്ടും മറ്റും ഇത്രയും കിലോമീറ്റർ കിട്ടില്ലെന്നാണ് പറയുന്നത്. ചാർജ് 30 ശതമാനത്തിൽ താഴെയെത്തിയാൽ പിന്നീട് വാഹനം മുന്നോട്ട് ഓടിക്കാൻ കഴിയാത്ത അവസ്ഥയാകും.
മണ്ഡല-മകരവിളക്ക് കാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ 12ഓളം ഇലക്ട്രിക് വാഹനങ്ങളാണ് എരുമേലിയിലെത്തുന്നത്. ആറ് റൂട്ടുകളിലായാണ് വാഹനങ്ങൾ സർവിസ് നടത്തുക. എന്നാൽ, വാഹനങ്ങളുടെ ചാർജ് പകുതി കഴിയുമ്പോൾ തന്നെ ഫുൾ ചാർജ് ചെയ്യാൻ പൊൻകുന്നത്തേക്ക് ഓടണം. വാഹനം എരുമേലിയിൽനിന്ന് പൊൻകുന്നം പോയി വരുമ്പോൾ തന്നെ 35 കിലോമീറ്റർ കഴിയും. ഇത് കഴിഞ്ഞാൽ ഏതാനും കിലോമീറ്ററുകൾ മാത്രമാണ് വാഹനത്തിന് എരുമേലിയിൽ ഓടാൻ കഴിയുക. ഇത് അടിയന്തര ഘട്ടങ്ങളിൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാലങ്ങളായി പറയുന്നു. എരുമേലിയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ കഴിഞ്ഞ അവലോകന യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകിയതായി കാഞ്ഞിരപ്പള്ളി ജോയന്റ് ആർ.ടി.ഒ കെ. ശ്രീജിത് പറഞ്ഞു.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ചാർജിങ്ങിനുമായി സ്ഥലം ഒരുക്കിയാൽ തീർഥാടനകാലത്ത് മോട്ടോർ വാഹന വകുപ്പിന് ജോലി എളുപ്പമാകും. സാധാരണ ചാർജിങ്ങിനായി ആറ് മണിക്കൂർ എടുക്കുമ്പോൾ ക്വിക്ക് ചാർജിങ്ങിന് അരമണിക്കൂർ മാത്രമാണ് വേണ്ടത്. ക്വിക്ക് ചാർജിങ് സംവിധാനമൊരുക്കാൻ 10 ലക്ഷം രൂപ ചെലവ് വരും. എന്നാൽ, കെ.എസ്.ഇ.ബി ക്വിക്ക് ചാർജിങ്ങിനായി എരുമേലിയിൽ ഒരു പോയന്റെങ്കിലും ഒരുക്കിയാൽ ഇത് യാത്രക്കാർക്കും തീർഥാടനകാലത്ത് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ വകുപ്പുകൾക്കും പ്രയോജനപ്പെടുവെന്നും ഇതിലൂടെ കെ.എസ്.ഇ.ബിക്ക് വരുമാനം ഉണ്ടാക്കാനാകുമെന്നുമാണ് അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.