ജനങ്ങളെ ഭീതിയിലാക്കി ചെമ്പകപ്പാറ പാറമട; ചരള നിവാസികൾ ക്യാമ്പിലേക്ക്
text_fieldsഎരുമേലി: ചെമ്പകപ്പാറ മലയിലെ പാറമടയിൽനിന്ന് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ. ഇതോടെ പ്രദേശവാസികൾ സമീപത്തെ വാവർ സ്കൂളിൽ അഭയംപ്രാപിച്ചു.
വെള്ളിയാഴ്ച കനത്ത മഴക്കിടെ രാവിലെ 11നാണ് ചെമ്പകപ്പാറ മലയിൽനിന്ന് ജനവാസമേഖലയിലേക്ക് വെള്ളത്തിെൻറ കുത്തൊഴുക്ക് ഉണ്ടായത്. നിരവധിയാളുകളുടെ സംരക്ഷണ ഭിത്തിക്കും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാറമടയിൽനിന്ന് രാസവസ്തുക്കളും പൊടിയും കലർന്ന വെള്ളമാണ് ഒഴുകിയെത്തിയതെന്നും പാറമടയിലെ കല്ലുകളും ഒഴുകിയെത്തിയെന്നും പ്രദേശവാസികൾ ആരോപിച്ചു. ഇതോടെ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന ഭീതിയിൽ ജനങ്ങൾ ക്യാമ്പിലേക്ക് മാറുകയുമായിരുന്നു. ക്യാമ്പിനായി സ്കൂൾ തുറന്നുകൊടുത്തതായി മാനേജർ അഡ്വ. പി.എച്ച്. ഷാജഹാൻ പറഞ്ഞു.
ഡെപ്യൂട്ടി തഹസിൽദാർ നൗഷാദ്, വില്ലേജ് ഒാഫിസർ പി. ഹാരിസ്, പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാർ, സെക്രട്ടറി എം.എൻ. വിജയൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. പാറമട ഭീഷണിയാകുന്നുണ്ടോയെന്ന ശാസ്ത്രീയ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതരും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാറമടയുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് അധികൃതരും പറഞ്ഞു.
നൂറുകണക്കിനാളുകൾക്കും സമീപത്തെ സ്കൂളിനും ഭീഷണിയായ കൊടിത്തോട്ടം, ചെമ്പകപ്പാറ പാറമടകൾക്കെതിരെ നാളുകളായി നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. വൻ സ്ഫോടനത്തോടെ നടക്കുന്ന പാറഖനനം ചരള നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. മഴ ശക്തമായതോടെ പാറ ഖനനം നിർത്തിവെക്കാൻ കലക്ടറുടെ നിർദേശം ഉള്ളപ്പോഴും വെള്ളിയാഴ്ച ചെമ്പകപ്പാറയിൽ ഖനനം നടന്നതായി നാട്ടുകാർ ആരോപിച്ചു.
ശനിയാഴ്ച രാവിലെ 11ന് ജനപ്രതിനിധികൾ ക്യാമ്പും പാറമടയും സന്ദർശിച്ചു. ആേൻറാ ആൻറണി എം.പി, പി.സി. ജോർജ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാർ, ജമാഅത്ത് പ്രസിഡൻറ് അഡ്വ. പി.എച്ച്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുൽ കരീം, ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ് പുളിയ്ക്കൻ, ജമാഅത്ത് അംഗം നാസർ പനച്ചി തുടങ്ങിയവർ പങ്കെടുത്തു. ജനങ്ങളുടെ ഭീതിയകറ്റാൻ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. വൈകീട്ട് 5.30ന് ഡെപ്യൂട്ടി കലക്ടർ മുഹമ്മദ് ഷാഫി ക്യാമ്പ് സന്ദർശിച്ചു. ചരള നിവാസികളുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.