എരുമേലി വിമാനത്താവളം: മണ്ണ് പരിശോധന തുടങ്ങി
text_fieldsഎരുമേലി: വിമാനത്താവള പദ്ധതിക്കായി മണ്ണ് പരിശോധന നടപടികൾക്ക് തുടക്കം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂയിസ് ബർഗ് കമ്പനിയാണ് ഇതിന്‍റെ ചുമതല വഹിക്കുന്നത്.വിമാനത്താവളത്തിനായി കണ്ടെത്തിയ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി തോട്ടത്തിലെ മണ്ണാണ് പരിശോധനക്കായി 21 മീറ്റർവരെ ആഴത്തിൽ കുഴിച്ചെടുക്കുന്നത്. വിമാനം ഇറക്കുന്നതിന് ഉറപ്പുള്ള മണ്ണ് ആണോയെന്നും കാലാവസ്ഥ വ്യതിയാനങ്ങൾ ബാധിക്കുന്ന ഭൂമിയാണോയെന്നും അറിയുന്നതിനാണ് പരിശോധനയെന്ന് വിദഗ്ധസംഘം പറഞ്ഞു. മണ്ണ് ശേഖരിച്ച് മുംബൈയിലെ ലാബിലാണ് പരിശോധിക്കുക.
തോട്ടത്തിന്റെ വിവിധയിടങ്ങളിൽ കുഴൽക്കിണർ മാതൃകയിൽ എട്ട് കുഴികൾ നിർമിച്ചാണ് മണ്ണ് ശേഖരിക്കുന്നത്. കുഴികൾ എടുക്കേണ്ട സ്ഥലം അടയാളപ്പെടുത്തി യന്ത്രങ്ങൾ സ്ഥാപിച്ചുതുടങ്ങി. രണ്ടു ദിവസത്തിനകം മണ്ണ് കുഴിച്ചെടുത്ത് പരിശോധനക്ക് അയക്കും. പരിശോധനഫലം വിമാനത്താവളത്തിന് അനുകൂലമാണെങ്കിൽ അടുത്ത നടപടിയിലേക്ക് കടക്കും. മണ്ണ് പരിശാധനക്കെത്തിയ ആദ്യദിനം സംഘത്തോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
മുമ്പ് ഡ്രോൺ ഉപയോഗിച്ച് റൺവേയുടെ സാധ്യതപഠനം നടത്തിയിരുന്നു. ദിശ നിർണയിക്കാൻ ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് (ഒ.എൽ.എസ്) സർവേ പൂർത്തിയാക്കി. വിമാനം പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴോ കാഴ്ചമറക്കുന്ന മലകളോ കെട്ടിടങ്ങളോ ഉണ്ടോയെന്ന് അറിയാനായിരുന്നു ഈ സർവേ. കാറ്റിന്റെ ദിശയും അനുകൂലമാണോയെന്ന് പഠനം നടത്തി. അടുത്തഘട്ടമെന്ന നിലയിലാണ് മണ്ണിന്റെ ഘടന പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.