എരുമേലിയിലെ സ്ഥാനാർഥി തുളസിക്ക് ആദ്യം ടാപ്പിങ്; പിന്നെ മാത്രം പ്രചാരണം
text_fieldsഎരുമേലി: തുളസി ആദ്യം അണിഞ്ഞത് ടാപ്പിങ് കുപ്പായമാണ്. ഇതിനുമുകളിലേക്ക് സ്ഥാനാർഥി കുപ്പായം എത്തിയെങ്കിലും ആദ്യവേഷം ഉൗരിവെക്കാൻ ഇവർ തയാറല്ല. പ്രചാരണം മുറുകുേമ്പാഴും രാവിലെ ടാപ്പിങ്ങ് ജോലിക്ക് പോകുന്ന തുളസി, ഇതിനുശേഷം മാത്രമാണ് വോട്ട് ചോദിക്കലിൽ സജീവമാകുന്നത്.
എരുമേലി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് പി.കെ. തുളസി. അച്ഛൻ പകർന്നു നൽകിയ ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് ജീവിതത്തോട് പടവെട്ടുന്ന തുളസി, തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതും ഇതേ കരുത്തിലാണ്.
ടാപ്പിങ് തൊഴിലാളിയായ അച്ഛനെ ചെറുപ്പംമുതൽ സഹായിച്ചിരുന്ന തുളസിയുടെ കൈയിലേക്ക് 12ാം വയസ്സിൽ ടാപ്പിങ് കത്തി പിതാവ് െവച്ചുനൽകി. ഒപ്പം ചെയ്യുന്ന ജോലിയിൽ ആത്മവിശ്വാസം ഉണ്ടാവണമെന്ന ഉപദേശവും. പിന്നീട് ജീവിതത്തോട് പടവെട്ടി തുടങ്ങിയ തുളസി 51ാം വയസ്സിലും അച്ഛൻ നൽകിയ മനക്കരുത്ത് താങ്ങായി.
തുളസിയുടെ ഭർത്താവ് ജോണിയും ടാപ്പിങ് തൊഴിലാളിയാണ്. സ്വകാര്യ വ്യക്തികളായ രണ്ടു പേരുടെ റബർ തോട്ടത്തിലാണ് തുളസിയുടെ ടാപ്പിങ്ങ്. ജോണി മറ്റൊരാളുടെ തോട്ടത്തിലും ജോലി ചെയ്യുന്നു. അഞ്ച് വർഷമായി പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കുന്നുമുണ്ട്. അഞ്ച് സെൻറ് പുരയിടം മാത്രമാണ് സമ്പാദ്യം.
പുലരും മുമ്പേ തുളസി ഭർത്താവുമൊന്നിച്ച് ടാപ്പിങ്ങിനിറങ്ങും. ടാപ്പിങ് ജോലി പൂർത്തിയാക്കിയ ശേഷമാണ് വോട്ടു പിടിത്തം. സി.ഡി.എസ് അംഗമായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്ന തുളസിയുടെ അനുഭവ സമ്പത്താണ് സ്ഥാനാർഥിയാക്കാൻ എൽ.ഡി.എഫിനെ പ്രേരിപ്പിച്ചത്. അനിത സന്തോഷ് (യു.ഡി.എഫ്), എം.എസ്. ഉഷാകുമാരി (എൻ.ഡി.എ) എന്നിവരാണ് കിഴക്കേക്കര വാർഡിലെ മറ്റ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.