എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സയില്ല; ഉടൻ ആരംഭിക്കുമെന്ന് അധികൃതർ
text_fieldsഎരുമേലി: എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി കിടത്തിച്ചികിത്സ വേണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം എരുമേലി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് ആവശ്യം ഉയർന്നത്. തീർഥാടകരുടെയും സാധാരണക്കാരുടെയും ഏക ആശ്രയമായ എരുമേലി സർക്കാർ ആശുപത്രിയിൽ രാത്രി ചികിത്സയും കിടത്തിച്ചികിത്സയും വേണമെന്നും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ കിടത്തിച്ചികിത്സ ഉടൻ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ അറിയിച്ചു. ഒ.പി വിഭാഗത്തിൽ മാത്രം മുന്നൂറിലധികം രോഗികൾ ദിനംപ്രതി എത്തുന്നുണ്ട്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ ഒ.പി പ്രവർത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഡോക്ടർമാരുടെ കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറിന്റെ സേവനവും ലഭ്യമാണ്. എന്നാൽ, വൈകുന്നേരത്തോടെ ആശുപത്രി അടച്ചുപൂട്ടിയിടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
23 വാർഡുകളുള്ള എരുമേലി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെയും സമീപ പഞ്ചായത്തുകളിലെയും രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ നിർത്തിവെച്ചതോടെ സ്വകാര്യ ആശുപത്രിയെയും കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെയും ആശ്രയിക്കണം. ഒരു അപകടം ഉണ്ടായാൽ പോലും രോഗികളുമായി കിലോമീറ്റർ ഓടേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ആധുനിക സജ്ജീകരണം ഒരുക്കി ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് ആശുപത്രി 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.