ഭക്തിനിർഭരമായി പേട്ടതുള്ളൽ
text_fieldsഎരുമേലി: മതസൗഹാർദത്തിന്റെ മണ്ണിൽ ഭക്തിയുടെ താളം തീർത്ത് പേട്ടതുള്ളൽ. അമ്പലപ്പുഴ, ആലങ്ങാട് ദേശക്കാരുടെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ചൊവ്വാഴ്ച നടന്നു. വര്ണങ്ങള് വാരിവിതറിയുള്ള അമ്പലപ്പുഴ പേട്ട സംഘങ്ങളുടെയും താളാത്മകമായ നൃത്തച്ചുവടുകളോടെയുള്ള ആലങ്ങാട് പേട്ട സംഘങ്ങളുടെയും തുള്ളൽ വീക്ഷിക്കാൻ നിരവധി പേരാണെത്തിയത്.
ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് പ്രത്യക്ഷപ്പെട്ടതോടെ പേട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്നും അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചു. 11.30ഓടെ ആരംഭിച്ച പേട്ടതുള്ളൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ വാവർ പള്ളിയിലേക്ക് നീങ്ങി. സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം വാവര് പള്ളിയിലെത്തിയതോടെ പുഷ്പവൃഷ്ടികളോടെ വർണങ്ങൾ ചാർത്തി ജമാഅത്ത് ഭാരവാഹികൾ സ്വീകരിച്ചു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ്, സെക്രട്ടറി സി.എ.എം. കരീം, വി.പി. അബ്ദുൽ കരീം, സി.യു. അബ്ദുൽ കരീം, നിസാർ പ്ലാമൂട്ടിൽ, അൻസാരി പാടിക്കൽ, എം.ഇ. ഫൈസൽ മാവുങ്കൽ പുരയിടം, ഷിഹാബ് പുതുപ്പറമ്പിൽ, അജ്മൽ അഷ്റഫ് വിലങ്ങുപാറ, മുഹമ്മദ് മിഥ്ലാജ്, നൈസാം പി. അഷ്റഫ്, കെ.എച്ച്. നൗഷാദ്, നാസർ പനച്ചി, സലീം കണ്ണകര എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
പള്ളിയെ വലംവെച്ച് വാവരുടെ പ്രതിനിധിയുമായി അമ്പലപ്പുഴ സംഘം നീങ്ങി. ശബരിമലയിലേക്കുള്ള യാത്രയിൽ അയ്യപ്പനോടൊപ്പം വാവർ സ്വാമിയും കൂടെ പോയെന്നാണ് വിശ്വാസം. ടി.എച്ച്. ആസാദ് താഴത്തുവീട്ടിലാണ് വാവരുടെ പ്രതിനിധിയായി അമ്പലപ്പുഴ സംഘത്തോടൊപ്പം പങ്കുചേർന്നത്. സ്വീകരണങ്ങൾ ഏറ്റുവാങ്ങി വലിയമ്പലത്തിൽ കയറിയതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് സമാപനമായി.
പകൽ വെളിച്ചത്തിൽ നക്ഷത്രം തെളിഞ്ഞതോടെ ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളൽ കൊച്ചമ്പലത്തിൽനിന്ന് ആരംഭിച്ചു. അമ്പാടത്ത് എ.കെ. വിജയകുമാറായിരുന്നു സമൂഹപെരിയോൻ. താളാത്മക നൃത്തച്ചുവടുകളോടെയുള്ള ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ മികവേകി. വലിയമ്പലത്തിലെത്തിയ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്ക് സ്വീകരണം നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ബോർഡ് അംഗങ്ങളായ മനോജ് ചരളേൽ, തങ്കപ്പൻ, പത്തനംതിട്ട കലക്ടർ ദിവ്യ എസ്. അയ്യർ, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണർ ജി. ബൈജു എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.