എരുമേലിയിലെ ഖരമാലിന്യ സംസ്കരണ പ്ലാൻറ് പ്രവർത്തനസജ്ജം
text_fieldsഎരുമേലി: ശബരിമല തീർഥാടനത്തിന് മുന്നോടിയായി കൊടിത്തോട്ടത്തിനുസമീപത്ത് ഖരമാലിന്യ സംസ്കരണ പ്ലാൻറ് പ്രവർത്തനസജ്ജമായി. വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടന്ന പ്ലാൻറിൽ വൈദ്യുതി, വെള്ളം, പാചക വാതകം എന്നിവ എത്തിച്ചു. പാചകവാതകം ഉപയോഗിച്ച് മാലിന്യം സംസ്കരിക്കുന്നതാണ് സംവിധാനം. തീർഥാടനകാലത്തിനുമുമ്പ് പ്ലാൻറിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം.
ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കുന്നതിൽ പരിചയസമ്പന്നരായ ജ്വാല എന്ന ഏജൻസിയുമായി കരാർ ഏർപ്പെടുന്നതിലുള്ള താമസം മൂലമാണ് പ്ലാന്റിന്റെ പ്രവർത്തനം നീളുന്നതെന്ന് ആക്ഷേപമുണ്ട്.
കോസ്റ്റ്ഫോർഡ് ആണ് ഇൻസിനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ പ്ലാൻറ് പ്രവർത്തിപ്പിച്ചെങ്കിലും സ്ഥിരമായി പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടാകണമെന്നാണ് ആവശ്യം. കഴിഞ്ഞ തീർഥാടനകാലത്തെ ഖരമാലിന്യം ഇന്നും സംസ്കരിക്കാനാകാതെ കൂടിക്കിടക്കുന്നുണ്ട്. കൊടിത്തോട്ടത്തിനുസമീപം മുമ്പുണ്ടായിരുന്ന ഇൻസിനറേറ്റർ കാലപ്പഴക്കത്തിൽ തകർന്നുവീണിരുന്നു. ചിരട്ടകൾ കത്തിച്ച് മാലിന്യം സംസ്കരിക്കുന്നതായിരുന്നു അന്നത്തെ സംവിധാനം.
പ്ലാൻറ് തകർന്നതോടെ മാലിന്യം റോഡിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും കൂട്ടിയിട്ട് കത്തിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രദേശത്തെ മാലിന്യം വാരിമാറ്റി. പിന്നീട് കവുങ്ങുംകുഴി പ്ലാൻറിലേക്ക് നീക്കാൻ തുടങ്ങി. മാലിന്യക്കൂമ്പാരം വർധിച്ചതോടെ ഇവിടെയും പ്രതിഷേധം ഉയർന്നു. പിന്നീടാണ് കൊടിത്തോട്ടം പ്ലാൻറിൽ തകർന്നുവീണ ഇൻസിനേറ്ററിന് പകരം പുതിയത് സ്ഥാപിച്ചത്. പുതിയ ഷെഡ് നിർമിച്ചു. 150 അടിയോളം ഉയരത്തിലുള്ള പുകക്കുഴലും സ്ഥാപിച്ചു. 20 സിലിണ്ടറുകൾ ഉപയോഗിക്കാൻ കഴിയുന്ന പാചകവാതക പ്ലാൻറാണ് സജ്ജമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.