മണ്ഡലകാലത്തിന് സമാപനം; തിരക്കൊഴിഞ്ഞ് എരുമേലി
text_fieldsഎരുമേലി: ഇക്കൊല്ലത്തെ മണ്ഡലകാല പൂജ സമാപിച്ച് ശബരിമല നടയടച്ചതോടെ എരുമേലിയിൽ തീർഥാടകരുടെ തിരക്കൊഴിഞ്ഞു. വ്യാഴാഴ്ച രാവിലെ മുതൽ അയ്യപ്പ ഭക്തരുടെ വരവ് കുറഞ്ഞതോടെ താൽക്കാലിക കടകളും പാർക്കിങ് മൈതാനങ്ങളും പലതും അടച്ചു. വ്യാഴാഴ്ച ഉച്ചയോടെ എരുമേലി പേട്ട തുള്ളൽ പാതയും വിജനമായി. ഇതോടെ ടൗണിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിലും അയവ് വരുത്തി. മണ്ഡലകാലം സമാപിച്ച് ശബരിമല നട അടച്ചതോടെ പരമ്പരാഗത കാനനപാതയിലെ അഴുതക്കടവും അടച്ചു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറക്കുന്നതിന് അനുസരിച്ച് കാനന പാതയും തുറക്കുമെന്ന് വനപാലകർ അറിയിച്ചു. വനപാലകരുടെ കണക്കനുസരിച്ച് എരുമേലിയിൽനിന്ന് ആരംഭിക്കുന്ന കാനനപാതയിലൂടെ ബുധനാഴ്ച വരെ 59,225 തീർഥാടകർ സന്നിധാനത്തേക്ക് നടന്നുപോയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് യാത്ര അനുവദിച്ചിരുന്നത്.
എരുമേലിയിൽനിന്ന് പമ്പയിലേക്ക് മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി നടത്തിയ സ്പെഷൽ സർവിസ് റെക്കോർഡ് കലക്ഷൻ നേടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. 18 ബസുകൾ സർവിസ് നടത്തിയപ്പോൾ 1.6 കോടിയിലിധികം കലക്ഷൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലത്ത് ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങൾ തീർഥാടകപാതകളിൽ ഉണ്ടായിട്ടുണ്ട്. സ്ഥിരമായി അപകടങ്ങൾ ഉണ്ടാകാറുള്ള എരുമേലി-പമ്പ റോഡിലെ കണമല ഇറക്കത്തിലും, മുണ്ടക്കയം-എരുമേലി റോഡിലെ കണ്ണിമലയിലുമടക്കം തീർഥാടകർ എത്തുന്ന റോഡിൽ വാഹനാപകടങ്ങൾ ഉണ്ടായി.
തീർഥാടകവാഹനത്തിലെ ഡ്രൈവറെ മർദിച്ചെന്നാരോപിച്ച് വാഹനത്തിൽ ഉണ്ടായിരുന്ന അയ്യപ്പഭക്തർ റോഡ് ഉപരോധിച്ച സംഭവവും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.