എരുമേലിയിൽ തോരാമഴ; കനത്തനാശം
text_fieldsഎരുമേലി: ശനിയാഴ്ച വൈകീട്ടത്തെ ശക്തമായ മഴയിൽ എരുമേലിയിലും സമീപ പ്രദേശങ്ങളിലും വൻനാശനഷ്ടം. മലയോര മേഖലകളായ മുക്കൂട്ടുതറ, ഇരുമ്പൂന്നിക്കര, തുമരംപാറ, കൊപ്പം മേഖലകളിലാണ് കൂടുതൽ നാശം ഉണ്ടായത്. തോടുകൾ കരകവിഞ്ഞ് ഒഴുകിയതോടെ നിരവധി വീടുകളിലും റോഡിലും വെള്ളംകയറി. മഴവെള്ളപ്പാച്ചിലിൽ തോടിന്‍റെ സംരക്ഷണഭിത്തി തകരുകയും ഗതാഗതം തടസ്സപ്പെടുകയുമുണ്ടായി. നിരവധി കർഷകരുടെ കൃഷിയിടങ്ങളും നശിച്ചു.
ഇരുമ്പൂന്നിക്കരയിലെ മഴവെള്ളപ്പാച്ചിലിൽ ഉറുമ്പിൽ സോമന്‍റെ കോഴിഫാം ഒലിച്ചുപോയി. ഒറ്റപ്ലാക്കൽ അസീസ്, കൈതക്കൽ ഷാജി എന്നിവരുടെ വീടിന്‍റെ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നു. ചരളശ്ശേരിൽ അബ്ദുൽ അസീസ്, ബിന്ദു ആലയിൽ, ജോയി കുറ്റിപ്ലാക്കൽ, സരസമ്മ പതിനാലിൽ, ചെല്ലമ്മ തഴക്കൽ, ലളിത തടത്തിൽ, രാജൻ പുത്തൻപുരക്കൽ, ഷാജി ചെറുതോട്ടുങ്കൽ, പഞ്ചായത്ത് അംഗം പ്രകാശ് പള്ളിക്കൂടം, പുല്ലാന്നി ഓലിക്കൽ ബേബി തുടങ്ങി നിരവധിപേരുടെ വീടുകളിൽ വെള്ളംകയറുകയും വീട്ടുപകരണങ്ങളടക്കം ഒലിച്ചുപോവുകയും ചെയ്തു.
കൊപ്പം, ഇരുമ്പൂന്നിക്കര റോഡുകളാണ് തകർന്നത്. കൊടിത്തോട്ടം പാറമട ഭാഗത്തുനിന്നുമുണ്ടായ കുത്തൊഴുക്ക് താഴ്ന്ന പ്രദേശമായ ചരള നിവാസികളെ ആശങ്കയിലാക്കി. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം തോരാതെ പെയ്തു. വനത്തിലുണ്ടായ ഉരുൾപൊട്ടലാകാം മലയോര മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.