വിലക്കയറ്റ നിയന്ത്രണ സ്ക്വാഡിന്റെ പരിശോധന; എരുമേലിയിൽ 26 കടകൾക്ക് പിഴ
text_fieldsഎരുമേലി: വിലക്കയറ്റ നിയന്ത്രണ സ്ക്വാഡ് എരുമേലി, മുക്കൂട്ടുതറ മേഖലകളിലെ കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. ആദ്യദിവസം എരുമേലിയിലെ 34 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് പച്ചക്കറി, നാല് പലചരക്ക് രണ്ട് മത്സ്യവ്യാപാര സ്ഥാപനങ്ങളിലുമായി 14 ക്രമക്കേടുകൾ കണ്ടെത്തി. ഇവരിൽനിന്ന് ആകെ 9000 രൂപ പിഴ ചുമത്തി.
രണ്ടാംദിവസം എരുമേലി, മുക്കൂട്ടുതറ മേഖലകളിലായി 41 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 12 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി.ഗുരുതര ക്രമക്കേടുകൾ ബോധ്യപ്പെട്ട മൂന്ന് കടകളിൽനിന്ന് 7000രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും പരിശോധനക്ക് നേതൃത്വം നൽകിയ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ ജയൻ ആർ.നായർ പറഞ്ഞു.
പലചരക്ക്, പച്ചക്കറി, സൂപ്പർമാർക്കറ്റ് സ്ഥാപനങ്ങളിലും മത്സ്യ-മാംസ വിൽപനശാലകളിലും സ്ക്വാഡ് പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പായ്ക്കറ്റ് ഉൽപന്നങ്ങളിൽ കൃത്യമായ വിലയും തീയതിയും ഇല്ലാതിരിക്കുക, അളവുതൂക്ക ഉപകരണങ്ങൾ കൃത്യമായി പതിപ്പിക്കാതിരിക്കുക തുടങ്ങി വിവിധ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ഡെപ്യൂട്ടി തഹസിൽദാർ വി.യു. മാത്യൂസ്, ലീഗൽ മെട്രോളജി ഓഫിസർ അനു ഗോപിനാഥ്, ഫുഡ് സേഫ്റ്റി ഓഫിസർ ജി.എസ്. സന്തോഷ് കുമാർ, എക്സ്റ്റൻഷൻ ഓഫിസർ വി.എം. ഷാജി, ലീഗൽ മെട്രോളജി ഇൻസ്പെക്ടറിങ് അസി. വി.സി മനോജ്, റേഷനിങ് ഇൻസ്പെക്ടർമാരായ പി.വി സജീവ്കുമാർ, എസ്.ആർ ഷൈജു, എസ്.ഐ എം.ഡി. അഭിലാഷ്, അശോക് കൃഷ്ണൻ, സി.എസ്. വിഷ്ണു, ഷാരോൺ പി.ജോൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.