‘ജാള്യം മറയ്ക്കാൻ എൽ.ഡി.എഫ് കുറ്റങ്ങൾ ആരോപിക്കുന്നു’
text_fieldsഎരുമേലി: ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണത്തെ കുറ്റംപറയുന്ന എൽ.ഡി.എഫ്, അവരുടെ കാലത്തെ ഭരണപരാജയത്തിന്റെ ജാള്യം മറക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണം അഴിമതി നിറഞ്ഞതാണെന്നും ഇതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് പഞ്ചായത്തിന്റെ 116 സ്പില്‍ഓവര്‍ പദ്ധതിയില്‍ വെറും രണ്ട് പദ്ധതി മാത്രമാണ് നടത്താനായത്. ഇതുമൂലം 4.25 കോടി രൂപയുടെ നഷ്ടമാണ് പഞ്ചായത്ത് അന്ന് വരുത്തിയത്. എന്നാല്‍ തുടര്‍ന്ന് ഭരണത്തിലേറിയ യു.ഡി.എഫ് പഴയ 69 പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും അടുത്ത സാമ്പത്തീകവര്ഷത്തിലെ 109ല്‍ 89 പദ്ധതികൾ ടെൻഡറാക്കി പൂര്‍ത്തീകരിച്ചിരിക്കുകയുമാണ്.
പോത്ത് വിതരണപദ്ധതിയിൽ മോശം പോത്തിനെ കൊടുത്തുവെന്ന പരാതി നിലനില്‍ക്കെയാണ് ബിനാമി പേരില്‍ കൊണ്ടുവന്ന കരാറുകാരെ ഒഴിവാക്കിയത്. സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും തന്നെയാണ് പോത്തിനെ വാങ്ങുന്നതെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
കവുങ്ങുംകുഴിയില്‍ കഴിഞ്ഞ ഭരണസമിതി കൂട്ടിയിട്ട മാലിന്യമാണ് ഇപ്പോൾ നീക്കംചെയ്യുന്നത്. നിലവില്‍ ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിക്കാതെ തന്നെ ഏജന്‍സി കൊണ്ടുപോകുന്നതിനാലാണ് തൊഴിലാളികളെ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരം പിരിച്ചുവിട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ഇ.ജെ. ബിനോയി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിസി സജി, മറിയാമ്മ ജോസഫ്, പഞ്ചായത്തംഗങ്ങളായ നാസര്‍ പനച്ചി, പ്രകാശ് പള്ളിക്കൂടം, മാത്യു ജോസഫ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.