എരുമേലിക്കൊപ്പം ഇനി മുക്കൂട്ടുതറയും; ബജറ്റിൽ പ്രതീക്ഷ
text_fieldsഎരുമേലി: എരുമേലി പഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപവത്കരണം സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചതോടെ മലയോരമേഖല പ്രതീക്ഷയിലാണ്.
ജില്ലയിലെ വലിയ പഞ്ചായത്തിലൊന്നായ എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മലയോര മേഖലയുടെ കവാടമായ മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് വിഭജനം രണ്ടുതവണ നടപടികൾ പൂർത്തിയാക്കിയെങ്കിലും അവസാനനിമിഷം നിർത്തിവെക്കേണ്ടി വന്നു.
23 വാർഡുള്ള പഞ്ചായത്തിൽ 55,000ഓളം ജനസംഖ്യയാണുള്ളത്. പഴയിടം, കണമല, എയ്ഞ്ചൽവാലി മേഖലയിലെ ജനം ചെറിയ ആവശ്യങ്ങൾക്കുപോലും കിലോമീറ്ററുകൾ താണ്ടിവേണം എരുമേലി ഗ്രാമപഞ്ചായത്ത് ഓഫിസിലും സർക്കർ സ്ഥാപനങ്ങളിലും എത്താൻ. പുതുതായി മുക്കൂട്ടുതറ പഞ്ചായത്ത് രൂപവത്കരിക്കുന്നതോടെ പൊലീസ് സ്റ്റേഷൻ, മൃഗാശുപത്രി, വില്ലേജ് ഓഫിസ് തുടങ്ങി സർക്കാർ സ്ഥാപനങ്ങളും പുതുതായി ഉണ്ടാകും. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സ്പെഷൽ ഫണ്ടും ലഭിക്കും.
2015ലും 2020ലും എരുമേലി പഞ്ചായത്ത് വിഭജിച്ച് എരുമേലി, മുക്കൂട്ടുതറ പഞ്ചായത്ത് രൂപവത്കരിക്കാൻ നടപടികൾ ഉണ്ടാകുകയും രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നു. എരുമേലി പഞ്ചായത്തിൽ 14 വാർഡും മുക്കൂട്ടുതറ 13 വാർഡുകളുമായി നിർണയിച്ച് അതിര് നിർണയവും നടന്നിരുന്നു.
കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ മുക്കൂട്ടുതറ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കണമെന്ന ആവശ്യംപോലും ഉണ്ടായി. എന്നാൽ, പിന്നീട് പല കാരണങ്ങളാൽ അവസാനനിമിഷം പദ്ധതി മുടങ്ങി. ഇത്തവണ ബജറ്റിൽ വീണ്ടും പഞ്ചായത്ത് രൂപവത്കരണം ഇടംപിടിച്ചതോടെ വീണ്ടും ചർച്ചകളും പ്രതീക്ഷകളും ഉയർന്നുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.