പരമ്പരാഗത കാനനപാത തീർഥാടകർക്ക് തുറന്നു നൽകണമെന്നാവശ്യം
text_fieldsഎരുമേലി: പരമ്പരാഗത കാനനപാതയായ ‘അയ്യപ്പൻതാര’ തീർഥാടകർക്കായി തുറന്നു നൽകണമെന്ന ആവശ്യം ശക്തം. വർഷങ്ങൾക്കു മുമ്പ് തീർഥാടകർ സന്നിധാനത്തേക്ക് നടന്നു പോകാൻ ഉപയോഗിച്ചിരുന്ന പാതയാണ് കാലക്രമേണ അടഞ്ഞു പോയത്. എരുമേലി കൊച്ചമ്പലത്തിന്റെ കിഴക്കുവശത്തുനിന്നും ആരംഭിച്ച് നേർച്ചപ്പാറയിലൂടെ പേരൂർത്തോട്ടിലെത്തുന്ന അയ്യപ്പൻതാര പാതയുടെ കുറേ ഭാഗങ്ങൾ സ്വകാര്യ വ്യക്തികൾ കൈയടക്കുകയും കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ആയിരുന്നു.
പരമ്പരാഗത കാനനപാത തീർഥാടകർക്കായി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ ആരംഭിച്ചതോടെ ഏതാനും വർഷങ്ങൾക്ക് മുമ്പ് അധികൃതർ കൈയേറ്റം ഒഴിപ്പിച്ച് പാത അളന്നു തിരിച്ചിട്ടു. അയ്യപ്പൻതാരയിലെ മരങ്ങളുടെ വില നിശ്ചയിച്ച് മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് റവന്യൂ വകുപ്പ് നിർദേശം നൽകി. റവന്യൂ വകുപ്പും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, നാട്ടുകാരുടെയും നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിച്ചെങ്കിലും മരങ്ങൾ വെട്ടിമാറ്റി പാത സഞ്ചാര യോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല. അപകട സാധ്യതകൾ കൂടിയ എരുമേലി - മുണ്ടക്കയം പ്രധാന റോഡാണ് നിലവിൽ തീർഥാടകർ കാനനപാതയായി ഉപയോഗിക്കുന്നത്. തീർഥാടകരുടേതടക്കം നൂറുകണക്കിന് വാഹനങ്ങൾ ഒഴുകിയെത്തുന്ന റോഡിലൂടെയാണ് അയ്യപ്പഭക്തർ രാപ്പകൽ വ്യത്യാസമില്ലാതെ നടന്നു നീങ്ങുന്നത്. ഇത് അപകട സാധ്യതക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. അയ്യപ്പൻതര പാത തുറന്നു നൽകുന്നതോടെ തീർഥാടകർക്ക് സുരക്ഷിത യാത്ര ഒരുക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.തീർഥാടകർക്കും പ്രദേശവാസികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന പരമ്പരാഗത കാനനപാതയായ അയ്യപ്പൻതാര സഞ്ചാരയോഗ്യമാക്കണമെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം പ്രസിഡൻറ് അനിയൻ എരുമേലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.