വനമേഖല: എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ ഒഴിവാകും
text_fieldsഎരുമേലി: പഞ്ചായത്തിലെ ജനവാസ മേഖലയായ ഏയ്ഞ്ചല്‍വാലി, പമ്പാവാലി വാര്‍ഡുകളെ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സർക്കാറും സംസ്ഥാന വന്യജീവി ബോര്‍ഡും സമർപ്പിച്ച ശിപാര്‍ശക്ക് ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ഏയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകളിലെ 502.723 ഹെക്ടര്‍ സ്ഥലമാണ് ഒഴിവാകുക. തുടര്‍ നടപടികള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം സ്ഥല പരിശോധന നടത്തും.
വസ്തുതകള്‍ പരിശോധിച്ച ശേഷം ദേശീയ വന്യജീവി ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ വീണ്ടും പരിഗണിക്കും. ബോർഡ് നിർദേശ പ്രകാരം ഉടൻ ബഫർ സോൺ പരിധി പുനർനിർണയിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. വനം വകുപ്പ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച് നടത്തിയ ഉപഗ്രഹ സർവേയുടെ റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ ഏയ്ഞ്ചല്‍വാലി, പമ്പാവാലി വാര്‍ഡുകള്‍ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായുള്ള വനഭൂമിയില്‍ ഉള്‍പ്പെടുകയായിരുന്നു. 1200 ഓളം കുടുംബങ്ങള്‍ താമസിച്ചു വരുന്ന പ്രദേശത്ത് ഇതോടെ പ്രതിഷേധം ശക്തമായി. പ്രദേശവാസികള്‍ സമര സമിതി രൂപവത്കരിച്ച് തെരുവില്‍ ഇറങ്ങി. രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും കര്‍ഷക സംഘടനകളുമടക്കം എല്ലാവരും ഒറ്റക്കെട്ടായി നിന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വനം വകുപ്പ് ഓഫിസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചിന്റെ പേരിൽ നിരവധിപേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഇതിനിടെ വനം വകുപ്പ് രണ്ട് തവണ പിഴവുകള്‍ തിരുത്തി കരട് സർവേ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടെങ്കിലും രണ്ട് വാര്‍ഡുകളും വനത്തില്‍ തന്നെ ഉള്‍പ്പെട്ടു.
എയ്ഞ്ചല്‍വാലി, പമ്പാവാലി വാര്‍ഡുകളെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ 2023 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോര്‍ഡ് തീരുമാനം എടുത്തെങ്കിലും ഒരു വർഷം വൈകിയാണ് ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. സംസ്ഥാന പരിസ്ഥിതി മന്ത്രാലയങ്ങളുടെ ശിപാര്‍ശ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പർവേഷ് പോർട്ടൽ വഴി സമർപ്പിക്കണമെന്ന കാരണത്താൽ ഫയൽ തിരിച്ചയച്ചു. പർവേഷ് പോർട്ടിലൂടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുകയും പിന്നീട് ഉണ്ടായ പിശകുകൾ വനം വന്യജീവി ബോർഡ് അടിയന്തര യോഗം വിളിച്ചുകൂട്ടി പരിഹരിച്ച് കേന്ദ്രസർക്കാറിന് ശിപാർശ സമർപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.