തീർഥാടനം: മോണിറ്ററിങ് സമിതി രൂപവത്കരിക്കും
text_fieldsഎരുമേലി: ശബരിമല തീർഥാടകരുടെ തിരക്കിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി നേരിട്ട പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ദേവസ്വം ബോർഡ്, പഞ്ചായത്ത്, പൊലീസ്, റവന്യൂ, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് സമിതി രൂപവത്കരിക്കുന്നതിന് യോഗം തീരുമാനിച്ചു. ഓരോ ദിവസത്തെയും സ്ഥിതി അവലോകനം ചെയ്ത് തീർഥാടകരുടെ സൗകര്യവും ക്ഷേമവും സമിതി ഉറപ്പുവരുത്തും.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരമാവധി സമാന്തര റോഡുകളിലൂടെ തീർഥാടക വാഹനങ്ങൾ കടത്തിവിടും. ഒരുങ്കൽകടവ്-കരിമ്പിൻതോട്, പേരൂർത്തോട്-എം.ഇ.എസ് ജങ്ഷൻ-മുക്കൂട്ടുതറ സമാന്തര റോഡുകൾ കൂടുതലായി ഉപയോഗിക്കാനും നിശ്ചയിച്ചു. റോഡുകളിൽ ദിശാബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.
മാലിന്യനിർമാർജന പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കും. ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കും. മാലിന്യം വേർതിരിച്ചു തന്നെ സംസ്കരിക്കും.
പാർക്കിങ് മൈതാനങ്ങളിലും ശൗചാലയങ്ങളിലും നിശ്ചയിക്കപ്പെട്ട അംഗീകൃത നിരക്കുകളിലും അധിക ചാർജ് ഈടാക്കിയാൽ നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത്, പൊലീസ്, റവന്യൂ അധികൃതരെ ചുമതലപ്പെടുത്തി.
അംഗീകൃത നിരക്കുകൾ ഗ്രാമപഞ്ചായത്ത് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
യോഗത്തിൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കെ. ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് അംഗം തങ്കമ്മ ജോർജുകുട്ടി, ദേവസ്വം ഡെപ്യൂട്ടി കമീഷണർ ദിലീപ് കുമാർ, അസി. കമീഷണർ എ.സി. ഗോപകുമാർ, തഹസിൽദാർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.