കവുങ്ങുംകുഴി മാലിന്യസംസ്കരണ പ്ലാന്റ്: മാലിന്യം നീക്കം ചെയ്യുന്നില്ല; ടൺ കണക്കിന് പ്ലാസ്റ്റിക് കൂമ്പാരം
text_fieldsഎരുമേലി: നേർച്ചപ്പാറ കവുങ്ങുംകുഴി മാലിന്യസംസ്കരണ പ്ലാന്റിൽ ടൺ കണക്കിന് വരുന്ന പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയതായി പരാതി. 23 വാർഡുകളിലെ ഹരിത കർമസേന അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ കുമിഞ്ഞുകൂടിയത്. വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യം വീടുകളിൽനിന്ന് ശേഖരിക്കുന്നതിന് 50 രൂപ വീട്ടുകാരിൽനിന്ന് ഈടാക്കുന്നുണ്ട്. എന്നാൽ, ഈ മാലിന്യം കവുങ്ങുംകുഴി മാലിന്യ സംസ്കരണ പ്ലാന്റിൽ കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
കെട്ടിക്കിടക്കുന്ന മാലിന്യം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പ്രദേശത്ത് കൊതുക്, തെരുവുനായ് ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിന് പഞ്ചായത്ത് തിരുവോണം എന്ന ഏജൻസിക്ക് കരാർ നൽകിയെങ്കിലും ഏജൻസിയും പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നില്ലെന്നാണ് ആക്ഷേപം.
അജൈവ മാലിന്യം കൊണ്ടുപോകുന്നതിന് പഞ്ചായത്ത് ഏജൻസിക്ക് പണം നൽകുന്നുണ്ട്. വീടുകളിൽനിന്ന് ശേഖരിക്കുന്ന വേർതിരിച്ച പ്ലാസ്റ്റിക്കിന് ഏജൻസി ഹരിതകർമ സേനക്ക് ചെറിയ തുക നൽകണമെന്നാണ് കരാറെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി പറയുന്നു. എന്നാൽ, ഏജൻസി ആദ്യതവണ കുറച്ച് മാലിന്യം കൊണ്ടുപോയെങ്കിലും പിന്നീട് പലകാരണങ്ങളും പറഞ്ഞ് മുടക്കുകയാണ്. കരാർപ്രകാരം മാലിന്യം നീക്കിയില്ലെങ്കിൽ ഏജൻസിക്കെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും പുതിയ ഏജൻസിക്ക് കരാർ നൽകുമെന്നും ജിജിമോൾ സജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.