സര്‍ക്കാറിനെതിരായ പ്രചാരണം; സാധാരണക്കാർക്കും തിരിച്ചടി -മന്ത്രി
text_fieldsഎരുമേലി: സര്‍ക്കാറിനെതിരെ വിവാദപ്രചാരണങ്ങള് നടത്തുന്നവര്‍ സാധാരണക്കാരുടെ ജീവിതത്തിലാണ് പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് പാത (എരുമേലി ബൈപ്പാസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ അവരുടെ ഉടമകളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കുന്നത്. മാധ്യമങ്ങള്‍ സര്‍ക്കാറിനെക്കുറിച്ച് നല്കിയ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരില്ലായിരുന്നു. ന്യായമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരണമെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല ദുരന്തത്തിലെ അതിജീവനത്തിന് വലിയ ഫണ്ടിന്റെ ആവശ്യമുണ്ട്.
ഫണ്ട് ലഭ്യമാകാതിരിക്കാന്‍ സര്‍ക്കാറിനെതിരെയുള്ള പ്രചരണങ്ങളും വിവാദങ്ങളും കാരണമാകും. ഇത് ബാധിക്കുന്നത് ദുരന്തത്തില്‍ വീടും സ്ഥലവും ഉറ്റവരെയും നഷ്ടപ്പെട്ട ജനങ്ങളെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജങ്ഷനുകളിലും പ്രധാനനഗരങ്ങളിലുമുള്ള കുരുക്കാണ് കേരളം നേരിടുന്ന പ്രധാനവെല്ലുവിളിയെന്നും അതിനെ തരണംചെയ്യാൻ ബൈപാസ്, ഫ്ലൈഓവർ, അടിപ്പാതകൾ, ജങ്ഷൻ വികസനപദ്ധതികൾ തുടങ്ങിയ സമഗ്ര പദ്ധതികളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, ജില്ല പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, പഞ്ചായത്തംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ജസ്ന നജീബ്, ലിസി സജി, അനിത സന്തോഷ്, സുനിൽ ചെറിയാൻ, നാസർ പനച്ചി, പി.എ. ഷാനവാസ്, അജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.