ശബരിമല വിമാനത്താവളം; ആശങ്കകളുമായി നാട്ടുകാർ
text_fieldsഎരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട് എരുമേലി, മണിമല പഞ്ചായത്തുകളിൽ നടത്തിയ പബ്ലിക് ഹിയറിങ് പൂർണമായി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് ബാധിക്കുന്ന വ്യക്തികളും ജനപ്രതിനിധികളും വിവധ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. പരാതികളും പരിഹാരങ്ങളും പബ്ലിക് ഹിയറിങ്ങിൽ ചർച്ചചെയ്തു. വിമാനത്താവളം നിർമാണവുമായി ബന്ധപ്പെട്ട് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ഏജൻസി പുറത്തിറക്കിയ കരട് പഠന റിപ്പോർട്ടിൽ എരുമേലി തെക്ക്, മണിമല വില്ലേജിലെ സ്ഥലം ഏറ്റെടുപ്പ് ബാധിക്കുന്ന വ്യക്തികളെ കേൾക്കുന്നതിനായാണ് തിങ്കളാഴ്ച എരുമേലി റോട്ടറി ക്ലബ് ഹാളിലും ചൊവ്വാഴ്ച മുക്കട കമ്യൂണിറ്റി ഹാളിലുമായി പരിപാടി സംഘടിപ്പിച്ചത്. രണ്ട് പഞ്ചായത്തിലെയും സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന നൂറുകണക്കിനാളുകളും എസ്റ്റേറ്റ് തൊഴിലാളികളും പങ്കെടുത്തു.
വിമാനത്താവളത്തിനായി 1039.8 ഹെക്ടർ ഭൂമിയാണ് മൊത്തം വേണ്ടത്. 916.27 ഹെക്ടർ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലെയും, 123.53 ഹെക്ടർ ഭൂമി വ്യക്തികളിൽ നിക്ഷിപ്തമായിരിക്കുന്ന സ്വകാര്യ ഭൂമിയുമാണ്. ഭൂമി ഏറ്റെടുക്കൽ 358 ഭൂവുടമകളെ നേരിട്ട് ബാധിക്കും. ഇവരുടെ ആശങ്കകൾക്കുള്ള അധികാരികളുടെ മറുപടിയിൽ തൃപ്തരാകാതെയാണ് ജനങ്ങൾ പിരിഞ്ഞത്.
ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്ക് എതിർപ്പുമായാണ് പബ്ലിക് ഹിയറിങ്ങുകളിൽ ജനങ്ങൾ പങ്കെടുത്തത്. പദ്ധതിക്കായി നടത്തിയ പഠനം സുതാര്യമല്ലെന്നും ഇവർ ആരോപിച്ചു. വിമാനത്താവളം പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന പദ്ധതി അനുവദിക്കില്ലെന്നുമാണ് തീരുമാനം. ചെറുവള്ളി എസ്റ്റേറ്റിൽ ആവശ്യത്തിന് സ്ഥലം ഉണ്ടായിരിക്കെ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിൽ നിഗൂഢത ഉണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.