ശബരിമല വിമാനത്താവളം; സ്ഥലമേറ്റെടുപ്പിന് പ്രാഥമിക വിജ്ഞാപനം ഇറങ്ങി
text_fieldsഎരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിയുടെ സ്ഥലമെടുപ്പിനുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി. മുൻ വിഞ്ജാപനം റദ്ദാക്കിയാണ് സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
പ്രാഥമിക വിജ്ഞാപനത്തിലെയും സാമൂഹികാഘാതപഠനം നടത്താൻ ഏജൻസിയെ നിശ്ചയിച്ചതിലെയും പിഴവ് ചൂണ്ടിക്കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദാക്കിയത്.
സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടത് പിഴവായി അയന ട്രസ്റ്റ് കോടതിയിൽ ചൂണ്ടിക്കാട്ടി. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നില്ലെന്നും ട്രസ്റ്റ് വാദിച്ചു. ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ട്രസ്റ്റാണ് അയന.
ഭൂമി ഏറ്റെടുക്കൽ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണ് പുറത്തിറക്കിയത്. വിട്ടുപോയ മൂന്ന് സർവേ നമ്പറുകൾകൂടി ചേർത്താണ് പുതിയ വിജ്ഞാപനം.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ പ്രാഥമിക വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും സ്വകാര്യ വ്യക്തികളുടെ 121.876 ഹെക്ടർ ഭൂമിയുമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെ നിശ്ചയിച്ചിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.
ശേഷം സർവേ നടത്താനുള്ള 6(1) വിജ്ഞാപനം ഇറക്കും. സ്ഥലം അളന്നുതിട്ടപ്പെടുത്തിയ ശേഷം 11(1) വിജ്ഞാപനം ഇറക്കും. 11(1) പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ ഏകദേശ വിസ്തീർണം, വസ്തു ഉടമകളുടെ പേര്, വിലാസം ഉൾപ്പെടെ ഗസറ്റിൽ വിജ്ഞാപനം ചെയ്യും.
ഇതിനുശേഷം റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം ഉടമകൾക്കും സമീപ വസ്തു ഉടമകൾക്കും നോട്ടീസ് നൽകി ഓരോ സ്ഥലവും അളന്ന് തിട്ടപ്പെടുത്തും.
ഓരോ കാറ്റഗറി തിരിച്ച് സ്ഥലങ്ങളുടെ മൂല്യം കണക്കാക്കും. ഇതോടൊപ്പം നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന ജോലിതുടരും. നിർമാണങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും രാജകീയ വൃക്ഷങ്ങളുടെ മൂല്യം സാമൂഹിക വനവത്കരണ വിഭാഗവും മറ്റു മരങ്ങളുടെയും കാർഷിക വിളകളുടെയും മൂല്യം കൃഷിവകുപ്പുമാണ് കണക്കാക്കുന്നത്. ഇതിനുശേഷം 18 (1) വിജ്ഞാപനം ഇറക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ കൃത്യമായ അളവടക്കമാണ് ഈ വിജ്ഞാപനം ഇറക്കുക. ഇതിനുശേഷം റവന്യൂ വിഭാഗം സ്ഥലമേറ്റെടുപ്പ് ആരംഭിക്കും. 11(1) വിജ്ഞാപനം ഇറങ്ങിയ ഒരുവർഷത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.