ശബരിമല: കാനനപാത അടച്ചു
text_fieldsഎരുമേലി: പരമ്പരാഗത കാനനപാതയിലൂടെയുള്ള തീർഥാടനയാത്ര അവസാനിച്ചതോടെ കാനനപാത അടച്ചു. മകരവിളക്ക് മഹോത്സവനാളിലാണ് തീർഥാടകരിൽ അധികവും പരമ്പരാഗത കാനനപാത ഉപയോഗിച്ചിരുന്നത്. മകരജ്യോതി ദർശനത്തിനായി നൂറുണക്കിന് തീർഥാടകരാണ് കാനനപാതയിലൂടെ ശബരിമലയിലേക്ക് കാൽനടയായി പോയത്.
തിങ്കളാഴ്ച രാവിലെ ആറ് വരെയായിരുന്നു കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിട്ടിരുന്നത്. രാവിലെ എട്ട് മണിയോടെ അഴുതക്കടവും 10 മണിയോടെ മുക്കുഴി പാതയും അടച്ചു. മണ്ഡല - മകരവിളക്ക് കാലത്ത് 4,89,325 തീർഥാടകർ പരമ്പരാഗത കാനനപാതയിലൂടെ ശബരിമലക്ക് പോയതായാണ് വനംവകുപ്പിന്റെ കണക്ക്.
3,57,854 തീർഥാടകർ അഴുതക്കടവ് വഴിയും 1,31,471 തീർഥാടകർ സത്രം വഴിയും ദർശനത്തിന് പോയിട്ടുണ്ട്. കാനനപാതയിലൂടെയുള്ള തീർഥാടകർ അവസാനിച്ചതോടെ പാതയോരങ്ങളിലെ താൽകാലിക കടകൾ പൊളിച്ചുതുടങ്ങി. ചരള മുതൽ കോയിക്കക്കാവ് വരെ നിരവധി താത്കാലിക കടകളും വഴിയോരക്കച്ചവടക്കാരും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.