മുന്നൊരുക്കങ്ങളിൽ മെല്ലപ്പോക്കെന്ന്
text_fieldsഎരുമേലി: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ബാക്കി നിൽക്കുമ്പോഴും മുന്നൊരുക്കങ്ങളിൽ മെല്ലപ്പോക്ക്. ഇടത്താവളമായ എരുമേലിയിൽ തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും തീർഥാടകപാതകളിൽ സുരക്ഷയൊരുക്കുന്നതിനും നിരവധി മുന്നൊരുക്ക പ്രവൃത്തികളാണ് ത്രിതല പഞ്ചായത്തും സർക്കാർ വകുപ്പുകളും ചെയ്യാനുള്ളത്. തീർഥാടകർ എത്താൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴും മാസങ്ങളെടുത്ത് ചെയ്യേണ്ട ജോലികൾ പലതും ചർച്ചകളിൽ ഒതുങ്ങുകയാണെന്നാണ് ആക്ഷേപം.
എരുമേലിയിലേക്കും ഇവിടെനിന്ന് പമ്പയിലേക്കുമുള്ള പ്രധാനറോഡുകളും പാരലൽ റോഡുകളും സുരക്ഷിതയാത്രക്ക് പറ്റിയതല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പതിയിരിക്കുന്ന കുണ്ടുംകുഴിയും അപകടസാധ്യത ഉയർത്തുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും സമീപറോഡും തകർന്നിട്ട് നാളുകളായി. എരുമേലി കൊരട്ടിക്ക് സമീപം തകർന്ന റോഡിൽ ടൈൽ പാകിയത് ദേവസ്വം മന്ത്രി എത്തുന്നതിന്റെ തലേദിവസമാണ്. പമ്പാപാതയിലെ മുക്കൂട്ടുതറക്ക് സമീപം ഓടയില്ലാത്തതിനാൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. വെള്ളം ഒഴുക്കിവിടാൻ ചിലർ റോഡരികിൽ ഉണ്ടാക്കിയ കുഴികൾ അപകടഭീഷണി ഉയർത്തുന്നു.
റോഡരികിൽ വളർന്നുനിൽക്കുന്ന കാട് തെളിക്കുക, വ്യക്തതയുള്ളതും വിവിധ ഭാഷകളിൽ എഴുതിയതുമായ ദിശാബോർഡുകൾ സ്ഥാപിക്കുക, തീർഥാടകർ എത്തുന്ന പ്രദേശങ്ങളിലെ തോടുകളിലെയും കിണറുകളിലെയും വെള്ളം പരിശോധിക്കുക, തോടുകളിലേക്ക് തുറന്നിരിക്കുന്ന മാലിന്യക്കുഴലുകൾ നീക്കുക, എരുമേലി വലിയതോട് ശുചീകരിക്കുക, കുളിക്കടവുകളിൽ വെളിച്ചം എത്തിക്കുക, മുന്നറിയിപ്പ് ബേർഡുകൾ സ്ഥാപിക്കുക, അപകടസാധ്യതയുള്ള റോഡുകളിൽ ക്രാഷ് ബാരിയറുകളും വിവിധഭാഷകളിൽ എഴുതിയ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക തുടങ്ങി നിരവധി മുന്നൊരുക്കങ്ങളാണ് ഇനിയും നടപ്പാക്കാനുള്ളത്. എന്നാൽ, തീർഥാടകരെ വരവേൽക്കാൻ നാട്ടുകാർ ഒരുങ്ങിക്കഴിഞ്ഞു. ദേവസ്വം ബോർഡും ജമാഅത്തും കരാർ അടിസ്ഥാനത്തിൽ നൽകിയ സ്ഥലങ്ങളിലും പാർക്കിങ് മൈതാനങ്ങളിലും താൽക്കാലിക കടകൾ ഉയർന്നുതുടങ്ങി. വ്യാപാരസ്ഥാപനങ്ങളും ഭക്ഷണശാലകളും ക്രമീകരിക്കുന്ന തിരക്കിലാണ് നാട്ടുകാർ.
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെ മുന്നൊരുക്കം വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച എരുമേലിയിൽ അവലോകനയോഗം ചേരും. ദേവസ്വം ഹാളിൽ രാവിലെ 10ന് ചേരുന്ന അവലോകന യോഗത്തിൽ ത്രിതല പഞ്ചായത്ത്, ദേവസ്വം ബോർഡ്, ജമാ അത്ത്, വിവിധ സർക്കാർ വകുപ്പ് അധികാരികൾ, വ്യാപാരി വ്യവസായി പ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.