വാക്സിനെടുത്ത ഭാഗത്ത് വ്രണം; പരാതിയുമായി വീട്ടമ്മ
text_fieldsഎരുമേലി : കോവിഡ് വാക്സിൻ സ്വീകരിച്ച് ദിവസങ്ങൾ കഴിഞ്ഞ് വീട്ടമ്മയുടെ കൈയിൽ വാക്സിനെടുത്ത ഭാഗത്ത് വ്രണം. വേദനയും മരവിപ്പും മൂലം ഓട്ടോ ഡ്രൈവറായ വീട്ടമ്മ ഇതോടെ ദുരിതത്തിലായി. എരുമേലി ശാസ്താംകോയിക്കൽ പരേതനായ അഹമ്മദ് കബീറിെൻറ ഭാര്യ ത്വാഹിറാ ബീവിയാണ് (46) വേദനയിലായത്.
ഏപ്രിൽ 12നാണ്എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചത്. ദിവസങ്ങൾക്ക് ശേഷം വാക്സിനെടുത്തിടത്ത് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടു. പിന്നീട് ഈ ഭാഗം പഴുത്ത് വ്രണമായി മാറി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എരുമേലിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ത്വാഹിറയോടെ വാക്സിനേഷൻ സ്വീകരിച്ചതിെൻറ പിഴവ് കാരണമായിരിക്കാമെന്ന സംശയം പറഞ്ഞത്. ഇതോടെ വാക്സിൻ നൽകിയ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു.
എന്നാൽ, പിഴവ് അംഗീകരിക്കാത്ത ആരോഗ്യ വകുപ്പ് പ്രമേഹ രോഗിയല്ലാത്ത തനിക്ക് അതിനുള്ള മരുന്നും നൽകി വിടുകയായിരുന്നുവെന്ന് ത്വാഹിറ പറഞ്ഞു. പലതവണ ഇവിടെ ചികിത്സ തേടിയെങ്കിലും പ്രയോജനമുണ്ടായില്ല.
രണ്ട് പെൺമക്കളുള്ള ത്വാഹിറക്ക് 20 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് നഷ്ടപ്പെട്ടു. പിന്നീട് കഷ്ടപ്പെട്ടാണ് ഇവർ കുടുംബം പുലർത്തുന്നത്. ഇപ്പോൾ ഓട്ടോ ഓടിച്ചാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. കോവിഡ് മുന്നണി പോരാളിയായി പ്രവർത്തിച്ച ഇവരെ കഴിഞ്ഞ ദിവസം എം.എൽ.എ ആദരിച്ചിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകുമെന്നും തെൻറ അനുഭവം മറ്റൊരാൾക്കും ഉണ്ടാകരുതെന്നും ത്വാഹിറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.