എരുമേലിയിലെ ശൗചാലയ മാലിന്യം സംസ്കരണം ഏറ്റെടുത്ത് പഞ്ചായത്ത്
text_fieldsഎരുമേലി : ദേവസ്വം ബോർഡ് എരുമേലിയിൽ ഒരുക്കിയിരിക്കുന്ന 350 ശൗചാലയങ്ങളിലെ മാലിന്യ സംസ്കരണചുമതല ഏറ്റെടുത്ത് പഞ്ചായത്ത്.
ഇത് സംബന്ധിച്ച് ദേവസ്വം ബോർഡും എരുമേലി പഞ്ചായത്തും തമ്മിൽ ധാരണയായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു. മൊബൈൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിച്ചാണ് സംസ്കരണം നടത്തുക. ശബരിമല തീർഥാടന സീസണിന്റെ സമാപനം വരെയാണ് കരാർ. തീർഥാടന കാലത്ത് എരുമേലിയിൽ ശൗചാലയ മാലിന്യം ജലസ്രോതസ്സുകളിൽ കലരുന്ന സാഹചര്യം ഉണ്ടാകരുതെന്ന മന്ത്രി വി.എൻ. വാസവന്റെ നിർദേശത്തെ തുടർന്നാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാക്കിയത്.
കലക്ടർ ജോൺ വി. സാമുവൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് കോട്ടയം ജോയന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ലക്ഷ്മി പ്രസാദ് എന്നിവർ എരുമേലിയിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.
ഇതിനിടെ, തീർഥാടനവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ചിരിക്കുന്ന എൻഫോഴ്സ്മെന്റ് സ്ക്വാഡ് 174 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ഇതിൽ ശുചിത്വ പാലനത്തിൽ വീഴ്ചവരുത്തിയ ഒമ്പത് സ്ഥാപനങ്ങൾക്ക് ഇവ പരിഹരിക്കണമെന്ന് നിർദേശിച്ച് നോട്ടീസ് നൽകിയതായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ മണിയപ്പൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.