തീർഥാടനകാലം അവസാനഘട്ടത്തിൽ; മാലിന്യം നീക്കാൻ നടപടിയില്ല
text_fieldsഎരുമേലി: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ രൂപപ്പെട്ട മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.
എരുമേലി ടൗണിലും പരിസരത്തും പൊടിശല്യം രൂക്ഷമാണ്. വലിയതോട്ടിലെ മാലിന്യം ജലമലിനീകരണത്തിനും കാരണമാകുന്നു. പേട്ട തുള്ളുന്ന തീർഥാടകർ ഉപയോഗിക്കുന്ന രാസസിന്ദൂരം പൊടിശല്യത്തിന് കാരണമാകുന്നു.
വരണ്ടകാലാവസ്ഥയിൽ പറന്നുയരുന്ന പൊടി യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. വെള്ളത്തിൽ കലരുന്ന രാസ സിന്ദൂരം, ഷാംപൂ, എണ്ണ എന്നിവയും ജലമലിനീകരണത്തിന് കാരണമാണ്.
തീർഥാടന നാളുകളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് ശൗചാലയങ്ങളും കുളിമുറികളും വലിയ തോട്ടിൽ ജലമലിനീകരണം ഉണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. തീർഥാടന കാലത്തിന് മുമ്പ് എരുമേലിയിൽ ശുചീകരണ പ്രവർത്തനം നടത്തുന്ന പഞ്ചായത്ത് അടക്കമുള്ള അധികൃതർ, തീർഥാടനത്തിനുശേഷം ശുചീകരണം പേരിന് മാത്രമാക്കി ഒതുക്കുന്നുവെന്നും പരാതിയുണ്ട്. തീർഥാടനകാലത്തിന് മുന്നോടിയായി നടക്കുന്ന മന്ത്രിതല യോഗങ്ങളിലും വിഷയങ്ങൾ പലതവണ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രയോജനം ഉണ്ടായിട്ടില്ല.
എരുമേലിയെ മാലിന്യമുക്തമാക്കാൻ മഴ കനിയണമെന്നതാണ് സ്ഥിതിയെന്ന് നാട്ടുകാർ പറയുന്നു. ശബരിമല തീർഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, എരുമേലിയിലെ ശുചീകരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.