എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ ശൗചാലയത്തിന് പൂട്ടുവീണു; നെട്ടോട്ടമോടി യാത്രികർ
text_fieldsഎരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചിട്ട നിലയിൽ
എരുമേലി: ശബരിമല തീർഥാടനകാലം അവസാനിച്ചതോടെ എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ ശൗചാലയവും അടച്ചുപൂട്ടി. ഇതോടെ ബസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ പ്രാഥമിക ആവശ്യങ്ങൾക്കായി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ മണ്ഡല - മകരവിളക്ക് തീർഥാടനകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ ശൗചാലയം ഗ്രാമപ്പഞ്ചായത്ത് കരാർവ്യവസ്ഥയിൽ നടത്തിപ്പിനായി നൽകിയിരുന്നു. എന്നാൽ പിന്നീട് ശൗചാലയം അടച്ചുപൂട്ടി. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ എത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ ശൗചാലയം അടച്ചുപൂട്ടിയതോടെ സ്ത്രീകളും വയോജനങ്ങളും അടങ്ങുന്ന യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് ആവശ്യത്തിന് വെള്ളം എത്തിച്ചാൽ ശൗചാലയം ഉപയോഗപ്രദമാക്കാൻ കഴിയുമെന്നാണ് യാത്രക്കാർ പറയുന്നത്.
എരുമേലി - റാന്നി റോഡിലെ പഞ്ചായത്ത് ജങ്ഷന് സമീപത്ത് ൈകയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ച പഞ്ചായത്ത് ഭൂമിയിൽ പൊതുശൗചാലയം നിർമിക്കുന്നത് വഴി നാട്ടുകാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയുമെന്നും പഞ്ചായത്തിന് ഇതൊരു വരുമാനമാർഗമാകുമെന്നും നാട്ടുകാർ പറയുന്നു. എരുമേലിയിലെ ശൗചാലയങ്ങളിൽ അയ്യപ്പഭക്തർക്ക് നേരെ തീവെട്ടിക്കൊള്ള നടക്കുമ്പോൾ പഞ്ചായത്ത് പൊതുശൗചാലയം നിർമിക്കുന്നതിലൂടെ തീർഥാടകരോടുള്ള ചൂഷണത്തിനും പരിഹാരമാകുമെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.