എരുമേലിയിലെ കുരുക്കഴിയും; ആശ്വാസമായി ഇനി ബൈപാസ് യാത്ര
text_fieldsഎരുമേലി: എരുമേലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇനി ബൈപാസ് യാത്ര. പ്രധാന ശബരിമല ഇടത്താവളമായ എരുമേലിയിൽ തീർഥാടനകാലത്തടക്കം കുരുക്ക് രൂക്ഷമായിരുന്നു. ഇതിന് പരിഹാരം ലക്ഷ്യമിട്ടാണ് ഓരുങ്കല്തടം - കരിമ്പിന്‍തോട് റോഡ് ബൈപാസായി മാറ്റിയത്. ഇതിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും.
സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അഞ്ച് കോടി രൂപ വിനിയോഗിച്ച് ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാണ് റോഡ് നിർമാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഓരുങ്കല്തടം - കരിമ്പിന്‍തോട് റോഡ് (എരുമേലി ബൈപാസ്) ഓരുങ്കല്‍കടവ്, എരുമേലി ടൗണ്‍, വലിയമ്പലം ഭാഗം, പൊരിയന്മല, കരിമ്പിന്‍തോട് പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമാകും.
മണ്ഡല - മകരവിളക്ക് നാളുകളില്‍ ആയിരക്കണക്കിന് തീര്‍ഥാടകവാഹനങ്ങള്‍ എരുമേലിയിലേക്ക് ഒഴുകിയെത്തുന്നതോടെ പ്രദേശവാസികള്‍ സ്ഥിരമായി ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുകയാണ്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പ്രദേശവാസികള്‍ അകപ്പെടുന്നത് പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതോടെ എരുമേലിയിലെ പാരലല്‍ റോഡുകളും റിങ് റോഡുകളും ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ശബരിമല തീർഥാടനകാലത്തും മറ്റും ഏറെ പ്രയോജനപ്രദമായ ഓരുങ്കല്തടം - കരിമ്പിന്‍തോട് റോഡിലൂടെ അയ്യപ്പഭക്തരുടേത് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് എരുമേലി ടൗണില്‍ പ്രവേശിക്കാതെ കടന്നുപോകാന്‍ കഴിയും. റോഡ് ദീര്‍ഘദൂരയാത്രക്കാര്‍ക്കും ഏറെ സഹായകരമാകും. ഭാവിയില്‍ നിര്‍ദിഷ്ട ശബരി ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുമ്പോള്‍ എയര്‍പോര്‍ട്ടിന് ഏറ്റവും സമീപത്തുകൂടി വരുന്ന പ്രധാനറോഡെന്ന പ്രാധാന്യവും റോഡിന് കൈവരും. എരുമേലിയുടെ വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായിട്ട് കൂടിയാണ് ബൈപ്പാസ് റോഡ് വികസിപ്പിച്ചിരിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിന് ഒന്നാംഘട്ടമായി അനുവദിച്ചിരിക്കുന്ന 10 കോടി രൂപ വിനിയോഗിച്ച് ടൗണ്‍ പ്രദേശത്തെ റിങ് റോഡുകളുടെ വികസനം, കൊച്ചമ്പലവും വാവര് പള്ളിയുമായി ബന്ധിപ്പിച്ച് ഫ്ലൈഓവര്‍ എന്നിവയടക്കം പരിഗണനയില്‍ ഉണ്ടെന്നും എം.എല്‍.എ അറിയിച്ചു.
എരുമേലി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യനേതാക്കള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.