ഗതാഗതക്കുരുക്കിൽ എരുമേലി നിശ്ചലം
text_fieldsഎരുമേലി: തീർഥാടക വാഹനങ്ങൾ ഒഴുകിയെത്തിയ തിങ്കളാഴ്ച രാവിലെ എരുമേലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതോടെ മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. പ്രധാന റോഡുകളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ നിശ്ചലമായി. സ്വകാര്യ വാഹനങ്ങളും ബസുകളും ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെ യാത്രക്കാരും വിദ്യാർഥികളും ദുരിതത്തിലായി. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെന്നറിഞ്ഞ് ചില ബസുകൾ എരുമേലിയിലേക്ക് വരാതെ തിരിഞ്ഞുപോയതും യാത്രക്കാരെ ദുരിതത്തിലാക്കി.
വിദ്യാർഥികളെയും ജോലിക്കാരെയുമാണ് ഇത് ഏറെ ബാധിച്ചത്. ഗതാഗതക്കുരുക്കിൽ ബസുകൾ അകപ്പെട്ടതോടെ യാത്രക്കാർ കിലോമീറ്ററുകൾ നടന്ന് പോകേണ്ട സാഹചര്യവുമുണ്ടായി. മുക്കൂട്ടുതറയിൽനിന്ന് എരുമേലിയിലേക്ക് പോകുന്ന ബസുകൾ എം.ഇ.എസ് ജങ്ഷനിൽനിന്ന് തിരിഞ്ഞുപോയതോടെ വൈകീട്ട് മണിപ്പുഴയിൽ ബസ് കാത്തുനിന്ന വിദ്യാർഥികളും പ്രതിസന്ധിയിലായി. തീർഥാടന നാളുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റിങ് റോഡുകളും പാരലൽ റോഡുകളും പ്രയോജനപ്പെടുത്തുമെന്ന അധികാരികളുടെ വാക്ക് പാഴ്വാക്കായെന്ന് നാട്ടുകാർ ആരോപിച്ചു.
ഗതാഗത നിയന്ത്രണത്തിൽ പൊലീസ് പരാജയമാണെന്നും തിരക്ക് ഉണ്ടാകുന്ന പല പോയന്റിലും പൊലീസ് നോക്കുകുത്തി മാത്രമാകുന്നുവെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.