വേനലിൽ ആശ്വാസമാകേണ്ട വലിയതോട് മാലിന്യവാഹിനി; ശുചീകരിക്കാൻ നടപടിയില്ല
text_fieldsഎരുമേലി: വേനലിൽ നാടിന് ആശ്വാസമാകേണ്ട വലിയതോട് മാലിന്യവാഹിനിയായി മാറി. മുമ്പ് കനകപ്പലം, കരിങ്കല്ലുംമൂഴി, വാഴക്കാല, വിലങ്ങുപാറ പ്രദേശവാസികൾ വേനലിലും ആശ്രയിച്ചിരുന്നത് വലിയതോടിനെയായിരുന്നു.
വേനലിൽ തോട്ടിലെ നീരൊഴുക്ക് കുറഞ്ഞാൽപോലും തോട്ടിൽ കുഴികൾ നിർമിച്ച് കല്ലുകെട്ടി ഓലികൾ നിർമിക്കും. ഓലിക്ക് സമീപം സ്ത്രീകൾക്ക് തുണികൾ കഴുകുന്നതിനും സൗകര്യം ഉണ്ടാക്കാറുണ്ട്. കടുത്ത വേനലിലും വലിയതോട് പ്രദേശവാസികളുടെ ജലക്ഷാമത്തിന് വലിയ പരിഹാരമായിരുന്നു. വേനലിൽ മാത്രമല്ല മഴക്കാലത്തും നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോട്ടിൽ കൂട്ടമായെത്തുന്ന യുവാക്കൾ കുളിയും മീൻ പിടിത്തവുമായി സമയം ചെലവഴിക്കുമായിരുന്നു.
എന്നാൽ, ഇപ്പോൾ മാലിന്യം നിറഞ്ഞ വലിയതോട് പ്രദേശവാസികൾക്ക് ദുരിതമായി മാറുകയാണ്. കോളിഫാം ബാക്ടീരിയകളുടെ അളവ് കൂടുതലായി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ശബരിമല തീർഥാടനകാലത്ത് പ്രവർത്തിക്കുന്നതടക്കം നിരവധി ശൗചാലയങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ വലിയതോടിന് സമീപത്താണ് നിർമിച്ചിരിക്കുന്നത്. വലിയ തോട്ടിലേക്ക് മാലിന്യക്കുഴലുകൾ തുറന്നിരിക്കുന്നതായും ആക്ഷേപമുണ്ട്. തോട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളും ജലമലിനീകരണത്തിന് കാരണമായി. കെട്ടിക്കിടക്കുന്ന മലിനജലം പ്രദേശത്തെ കൊതുകിന്റെ കേന്ദ്രമാക്കി മാറ്റി.
ഇതിനിടെ, വലിയതോട് ശുചീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ നിരവധി പ്രതിഷേധം നടത്തിയിട്ടും നടപടിയൊന്നുമില്ല. തീർഥാടനകാലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കിമറിക്കുന്നതിൽ തോട് ശുചീകരണം ഒതുങ്ങുമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.