കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsഎരുമേലി: വനാതിർത്തിയായ തുമരംപാറ കൊപ്പത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ആനക്കല്ലിൽ സോഫി നൗഷാദ്, തെക്കേമാവുങ്കമണ്ണിൽ ഇബ്രാഹിംകുട്ടി, പനച്ചിക്കൽ സജിമോൻ, പുളിപ്രാപതാലിൽ ഷാജി, കുളമാക്കൽ ദാമോദരൻ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടം റബർ, ജാതി, വാഴ, തെങ്ങ്, കവുങ്ങ്, വേലി, കയ്യാല എന്നിവയെല്ലാം നശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
സോഫി നൗഷാദിന്റെ വീട്ടുമുറ്റത്തും പറമ്പിലുമായി അഞ്ചാംതവണയാണ് ആനക്കൂട്ടം എത്തുന്നത്. ഒരുലക്ഷം രൂപയിലധികം നഷ്ടമാണ് ഇതിനോടകം ഉണ്ടാക്കിയിരിക്കുന്നതെന്ന് സോഫി പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയും ആനക്കൂട്ടം ജനവാസമേഖലയിൽ എത്തിയെങ്കിലും പ്രദേശവാസികൾ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ശബ്ദം ഉണ്ടാക്കി ഇവറ്റകളെ വനത്തിലേക്ക് കയറ്റിവിട്ടിരുന്നു. വന്യജീവികൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർവേലികൾ പ്രവർത്തിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.