വിമതചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ
text_fieldsേകാട്ടയം: സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് ലതിക സുഭാഷ് പ്രഖ്യാപിച്ചതോടെ വിമത ചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ. 1987ൽ കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. 2,533 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത് പൊടിപ്പാറയായിരുന്നു.
പിന്നീട് ഏറെ വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസുമായി തെറ്റി സ്വതന്ത്രവേഷത്തിലെത്തിയത്. അതെ സമയം കഴിഞ്ഞ തവണയും യു.ഡി.എഫിന് വിമതനുണ്ടായിരുന്നു. കേരള കോൺഗ്രസ് എമ്മിലെ തർക്കങ്ങളായിരുന്നു വിമത രംഗപ്രവേശനത്തിന് കാരണം. കേരള കോൺഗ്രസ് എമ്മിനായി തോമസ് ചാഴിക്കാടൻ മത്സരിച്ചപ്പോൾ എതിർപ്പുമായി ജോസ്മോൻ മുണ്ടയ്ക്കലാണ് രംഗത്തെത്തിയത്. തർക്കത്തിനൊടുവിൽ ജോസ്മോൻ വിമതനായി. മത്സരത്തിൽ തോമസ് ചാഴിക്കാടൻ പരാജയപ്പെട്ടു.
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സുരേഷ്കുറുപ്പ് 53,805 വോട്ടുകളാണ് നേടിയത്. തോമസ് ചാഴിക്കാടൻ 44,906ഉം. 3774 വോട്ടുകളാണ് ജോസ്മോൻ മുണ്ടയ്ക്കൽ നേടിയത്. എന്നാൽ, ഇത്തവണ കൂടുതൽ കരുത്തയാണ് രംഗത്തുള്ളതെന്നത് യു.ഡി.എഫ് ക്യാമ്പിൽ അങ്കലാപ്പിലാക്കുന്നു. ഏറ്റുമാനൂരിൽ വലിയ ബന്ധങ്ങളും ലതിക സുഭാഷിനുണ്ട്. ഇതിനൊപ്പം ഏറ്റുമാനൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുനൽകിയതിൽ മണ്ഡലത്തിലെ വലിയവിഭാഗം കോൺഗ്രസ് പ്രവർത്തകർ അമർഷത്തിലായിരുന്നു. ഇവരുടെ പിന്തുണയും ലതികയുടെ പുതിയ നീക്കത്തിനുണ്ട്. സംഭവങ്ങൾ വിലയിരുത്താൻ കോട്ടയത്ത് തിങ്കളാഴ്ച വൈകീട്ട് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു.
പിളർപ്പിനുപിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ജോസഫ് വിഭാഗത്തിന് നിർണായകമാണ്. ഏറ്റുമാനൂരിലടക്കം ജില്ലയിലെ മൂന്നുസീറ്റുകളിലും വിജയം ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കങ്ങളാണ് ഇവർ നടത്തുന്നത്. വിഷയത്തിൽ ഇടപെടണമെന്ന് ഇവർ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്. ലതികക്കൊപ്പം നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരെ സ്വന്തം ക്യാമ്പിലേക്ക് മടക്കിക്കൊണ്ടുവരാൻ ഉന്നതനേതാക്കൾ ഇടപെടണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.