ക്വാറം തികഞ്ഞില്ല; ഏറ്റുമാനൂരില്‍ അവിശ്വാസം തള്ളി
text_fieldsഏറ്റുമാനൂര്‍: നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. ക്വാറം തികയാത്തതിനെ തുടര്‍ന്നാണ് പ്രമേയം ചര്‍ച്ചക്കെടുക്കാതെ പിരിഞ്ഞത്. യോഗത്തില്‍നിന്ന് ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു.
35 അംഗങ്ങളുള്ള ഭരണസമിതിയില്‍ 18 പേരുടെ പിന്തുണവേണം അവിശ്വാസ പ്രമേയം പാസാകാന്‍. എന്നാല്‍, 15 പേരുടെ അംഗബലം മാത്രമാണ് എല്‍.ഡി.എഫിനുണ്ടായത്. യു.ഡി.എഫ് - 13, എല്‍.ഡി.എഫ് - 12, ബി.ജെ.പി- ഏഴ്, സ്വതന്ത്രര്‍ - മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭ ഭരണം നടത്തുന്നത്.
ഇതില്‍ കേരള കോണ്‍ഗ്രസ് സ്വതന്ത്രനും വൈസ് ചെയര്‍മാനുമായ കെ.ബി ജയമോഹന് ഉള്‍പ്പെടെ മൂന്നുപേരാണ് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നത്. ഇതോടെ എല്‍.ഡി.എഫ് 15ലേക്ക് ഉയര്‍ന്നു. അതേസമയം യു.ഡി.എഫ് അംഗങ്ങള്‍ 12 ആയി ചുരുങ്ങി. നഗരസഭയില്‍ യു.ഡി.എഫിനുള്ള ഭൂരിപക്ഷം നഷ്ടമായതോടെ ഭരണപ്രതിസന്ധിക്ക് അവിശ്വാസം വഴിവെച്ചു.
നിര്‍ണായക നിലപാട് എടുക്കേണ്ട ബി.ജെ.പി വിട്ടുനിന്നത് രാഷ്ട്രീയചര്‍ച്ചക്ക് വഴിയൊരുക്കി. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണിതെന്ന് ഏറ്റുമാനൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു ആരോപിച്ചു. യോഗം നടക്കാതെ വന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട അധ്യക്ഷ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. നഗരസഭ വികസന സ്തംഭനത്തിനെതിരെ 12 എല്‍.ഡി.എഫ് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കഴിഞ്ഞയാഴ്ച നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.