ചതുഷ്കോണ മത്സരച്ചൂടുള്ള ഏറ്റുമാനൂരിലെ ജയവും തോൽവിയും ചരിത്രത്തിലിടം നേടും
text_fieldsകോട്ടയം: മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷിെൻറ വരവോടെ ഫലം പ്രവചനാതീതമായ മണ്ഡലമാണ് ഏറ്റുമാനൂർ. അവരുടെ വിമതവേഷം ആർക്ക് ഗുണം ചെയ്യുമെന്നറിയണമെങ്കിൽ വോട്ടുപെട്ടി തുറക്കണം. രണ്ടുതവണ മത്സരിച്ചെന്ന കാരണംകൊണ്ട് സിറ്റിങ് എം.എൽ.എ സുരേഷ് കുറുപ്പിനെ മാറ്റിയ സി.പി.എം അതേ അയോഗ്യതയുള്ള ജില്ല സെക്രട്ടറി വി.എൻ. വാസവന് ഇളവ് നൽകി മത്സരിപ്പിക്കുന്നത് ഏത് വിധേനയും ജയിക്കാൻ തന്നെയാണ്. വിമത സ്ഥാനാർഥിയുടെ സാന്നിധ്യംെകാണ്ട് ആശങ്കയിലായ യു.ഡി.എഫിനും സി.പി.എമ്മുമായി ഒത്തുകളിയെന്ന് ആരോപണം കേട്ടതിനെ തുടർന്ന് ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് ഏറ്റെടുത്ത ബി.ജെ.പിക്കും ഇത് അഭിമാനപോരാട്ടം തന്നെ. ചതുഷ്കോണ മത്സരച്ചൂടുള്ള ഇവിടത്തെ ജയവും തോൽവിയും ചരിത്രത്തിലിടം പിടിക്കും.
2008ലെ മണ്ഡല പുനർനിർണയത്തിൽ ഇടതുകേന്ദ്രങ്ങളായ കുമരകം, തിരുവാർപ്പ് തുടങ്ങിയ പഞ്ചായത്തുകൾ ഏറ്റുമാനൂരിനൊപ്പം ചേർന്നതോടെയാണ് മണ്ഡലം ഇടത്തേക്ക് ചാഞ്ഞത്. മൂന്നുതവണ മാത്രം ചെങ്കൊടി പാറിയ ഏറ്റുമാനൂരിൽ സ്ഥിരമായി ജയിച്ചിരുന്നത് കേരള കോൺഗ്രസ്-എം ആയിരുന്നു. ഇക്കുറി സി.പി.എമ്മിന് ആത്മവിശ്വാസം നൽകുന്നത് കൈയിലിരിക്കുന്ന മണ്ഡലം എന്നതു മാത്രമല്ല, ജോസ് കെ. മാണിയുടെ വരവുകൂടിയാണ്.
കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ ഒ.വി. ലൂക്കോസിെൻറ മകൻ അഡ്വ. പ്രിൻസ് ലൂക്കോസ് ആണ് യു.ഡി.എഫ് സ്ഥാനാർഥി. ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറുമായിരുന്ന പ്രിൻസ് ലൂക്കോസ് തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് ജോസഫിനൊപ്പം ചേരുകയായിരുന്നു. കേരള കോൺഗ്രസ്- എം യു.ഡി.എഫ് വിട്ടതോടെ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകി. ഇതോടെയാണ് യു.ഡി.എഫിൽ കലഹം ആരംഭിച്ചത്.
കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ഒരുവിഭാഗം പ്രവർത്തകരിലുണ്ടായി. അതൊടുവിൽ ലതിക സുഭാഷിെൻറ രാജിയിലും കലാശിച്ചു. ലതികയുടെ കണ്ണീരും വിമത സ്ഥാനാർഥിത്വവും തിരിച്ചടിയാകുമോയെന്നോർത്ത് പ്രിൻസിെൻറ കണ്ണും നിറയുന്നുണ്ട്. േകാട്ടയം നഗരസഭ കൗൺസിലറായിരുന്ന, ബി.ജെ.പിയിലെ ടി.എൻ. ഹരികുമാറാണ് എൻ.ഡി.എ സ്ഥാനാർഥിയായിരിക്കുന്നത്.
2016 (നിയമസഭ)
കെ. സുരേഷ് കുറുപ്പ്
(എൽ.ഡി.എഫ്) 53,085
തോമസ് ചാഴികാടൻ
(യു.ഡി.എഫ്) 44,906
എ.ജി. തങ്കപ്പൻ
(എൻ.ഡി.എ) 27,540
ഭൂരിപക്ഷം 8899
2019 (ലോക്സഭ)
തോമസ് ചാഴികാടൻ
(യു.ഡി.എഫ്) 55,356
വി.എൻ. വാസവൻ
(എൽ.ഡി.എഫ്) 46,911
പി.സി. തോമസ്
(എൻ.ഡി.എ) 20,112
ഭൂരിപക്ഷം 8445
2020 (തദ്ദേശം)
എൽ.ഡി.എഫ് 52,150
യു.ഡി.എഫ് 46,518
എൻ.ഡി.എ 18,122
ഭൂരിപക്ഷം 5632
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.