അതിരമ്പുഴയിൽ വ്യാപാരിയുടെ ആത്മഹത്യ ഭീഷണി; സി.പി.എം ജില്ല നേതൃത്വം ഇടപെടുന്നു
text_fieldsഏറ്റുമാനൂർ: തൊഴിലാളി തർക്കത്തെ തുടർന്ന് വ്യാപാരി ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിൽ സി.പി.എം ജില്ലാ നേതൃത്വം ഇടപെടുന്നു. ജില്ലാ സെക്രട്ടറി എം.വി. റസ്സൽ ഇടപെട്ട് വിഷയം പരിഹരിക്കാനാണ് നീക്കം. മന്ത്രി വി.എൻ. വാസവനും പ്രശ്നപരിഹാരത്തിന് നിർദേശം നൽകിയിട്ടുണ്ട്. നവകേരള സദസ്സ് നടക്കുന്നതിനിടെ ഇത്തരം സംഭവങ്ങൾ പൊതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സർക്കാറിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും അനുവദിക്കില്ലെന്നും ജില്ലാ നേതൃത്വം പറയുന്നു. കഴിഞ്ഞ ദിവസമാണ് അതിരമ്പുഴയിലെ പച്ചക്കറി വ്യാപാരി പാറയിൽ പി.എസ്.സതീഷ് കുമാർ ആത്മഹത്യ ഭീഷണി മുഴക്കിയത്.
സതീഷ് കുമാറിന്റെ വീടിനുമുന്നിൽ സി.ഐ.ടി.യു-ഐ.എൻ.ടി.യു.സി തൊഴിലാളികൾ സമരം നടത്തിയിരുന്നു. വീടിനോട് ചേർന്ന് ഇയാൾ നിർമിച്ച പച്ചക്കറി സംഭരണകേന്ദ്രത്തിൽ തൊഴിൽ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒരുവർഷമായി ഇരൂകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അടുത്തിടെ ഹൈക്കോടതിയിൽനിന്ന് സതീഷിന് അനുകൂല വിധി ലഭിച്ചിരുന്നു. തൊഴിലാളികൾ സംഭരണകേന്ദ്രത്തിൽ പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കി. ഇതിനുപിന്നാലെയാണ് സി.ഐ.ടി.യു യൂനിയനിൽപ്പെട്ട ഏഴ് തൊഴിലാളികളും മൂന്ന് ഐ.എൻ.ടി.യു.സി തൊഴിലാളികളും ചേർന്ന് ഇദ്ദേഹത്തിന്റെ വീടിനുമുന്നിൽ സമരം നടത്തിയത്. ഇതിനിടെ വാർത്താസമ്മേളനം വിളിച്ചാണ് വ്യാപാരി ആത്മഹത്യ ഭീഷണി മുഴക്കിയത്.
യൂണിയന്റെ ഇടപെടൽ മൂലം വ്യാപാരം നടത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം താൻ മരിച്ചാൽ ഉത്തരവാദി സി.പി.എം അതിരമ്പുഴ ലോക്കൽ സെക്രട്ടറി ആയിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇത് വാർത്തയായതോടെയാണ് വിഷയത്തിൽ ഇടപെടാനുള്ള സി.പി.എം തീരുമാനം. അതേസമയം, തൊഴിൽ നിഷേധിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഗോഡൗണിന് പഞ്ചായത്തിൽനിന്ന് ലൈസൻസില്ലെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.