അതിരമ്പുഴ പഞ്ചായത്ത് ഇരുട്ടില്‍; നടപടിയുമായി പ്രസിഡന്റ്
text_fieldsഏറ്റുമാനൂര്‍: അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മൂന്നുമാസമായി വിവിധ ഇടങ്ങളിലായി വൈദ്യുതി വിളക്കുകള്‍ കത്തുന്നില്ലെന്ന വ്യാപകമായ പരാതിക്ക് പരിഹാരം. പ്രതിഷേധങ്ങളെയും പരാതികളെയും തുടര്‍ന്നാണ് പ്രസിഡന്റ് ബിജു വലിയമല അടിയന്തരമായി ഇടപെട്ട് പ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചത്.
22 വാര്‍ഡുകള്‍ ഉള്ള അതിരമ്പുഴ പഞ്ചായത്തില്‍ അറ്റകുറ്റപ്പണി നടക്കാത്തതാണ് വഴിവിളക്കുകള്‍ പ്രവര്ത്തിക്കാതെവന്നത്. മഴ ശക്തമായതിനാൽ ഇരുട്ടില്‍ വാഹനയാത്രക്കാർ അപകടത്തിൽപെടാറുണ്ട്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സന്ധ്യകഴഞ്ഞ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.
പഞ്ചായത്ത് പദ്ധതിയിൽ വഴിവിളക്കുകള്‍ സ്ഥാപിക്കാനായി അഞ്ചുലക്ഷം രൂപയാണ് വകയിരുത്തിയത്. ഈ തുക കുറഞ്ഞുപോയതുമൂലം കരാറുകാര്‍ ആരും ടെൻഡര്‍ ഏറ്റെടുത്തിരുന്നില്ല. പഞ്ചായത്ത് പുതിയ പദ്ധതി പാസാക്കണമെങ്കില്‍ കാലതാമസം വരും. ഇതേ തുടര്‍ന്ന് പ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുകയായിരുന്നു.
പഞ്ചായത്തിന്റെ പുതിയ പദ്ധതിയിൽ വഴിവിളക്കുകള്‍ സ്ഥാപിക്കാനായി ടെന്‍ഡര്‍ തുക ഏഴുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കരാറുകാര്‍ ടെൻഡര്‍ എടുക്കുന്ന മുറക്ക് ബാക്കിയുള്ള ഭാഗങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ബിജു വലിയമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.