പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: നാലുപേർ പിടിയിൽ
text_fieldsഏറ്റുമാനൂർ: പെട്രോൾപമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. വെട്ടിമുകൾ തേനാകര വീട്ടിൽ ഷിന്റോ (22), കട്ടച്ചിറ ഷട്ടർ കവല ഭാഗത്ത് തമ്പേമഠത്തിൽ വീട്ടിൽ ഷാലു (20), മുട്ടുചിറ ആയാംകുടി നാല് സെന്റ് കോളനി ഭാഗത്ത് പരിയത്താനം വീട്ടിൽ രതീഷ് (30), പുന്നത്തറ ചെറ്റയിൽ വീട്ടിൽ സുധീഷ് (24) എന്നിവരെയാണ് ഏറ്റുമാനൂർ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ കിസ്മത്ത് പടിയിലുള്ള പൊൻമാങ്കൽ പമ്പിലെ ജീവനക്കാരനെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. പമ്പിലെത്തിയ ഇവരുടെ സുഹൃത്ത് ജീവനക്കാരനോട് പണം നൽകാതെ വണ്ടിയിൽ പെട്രോൾ നിറക്കാൻ പറഞ്ഞതിനെ ജീവനക്കാരൻ എതിർത്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇയാൾ തിരിച്ചുപോയി സുഹൃത്തുക്കളുമായെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ആക്രമണത്തിൽ ജീവനക്കാരന് സാരമായി പരിക്കേറ്റു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിനൊടുവിൽ വിവിധസ്ഥലങ്ങളിൽനിന്നാണ് പിടികൂടിയത്. ഏറ്റുമാനൂർ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐമാരായ വി.കെ. ബിജു, സുരേഷ്, സി.പി.ഒമാരായ ഡെന്നി പി. ജോയ്, വി.കെ. അനീഷ്, സെയ്ഫുദ്ദീൻ, സജി, ലെനിഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഷിന്റോ, സുധീഷ് എന്നിവർ ഏറ്റുമാനൂർ സ്റ്റേഷനിൽ ക്രിമിനൽ കേസിൽ പ്രതികളാണ്. കോടതിയില് ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.