യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ
text_fieldsപാലാ: വെള്ളിയേപ്പള്ളിയിൽ യുവതിയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർ പിടിയിൽ. കടപ്പാട്ടൂർ പുറ്റുമഠത്തിൽ അമ്മാവൻ സന്തോഷ് എന്നുവിളിക്കുന്ന സന്തോഷാണ് (61) പിടിയിലായത്. ബുധനാഴ്ച വെളുപ്പിന് വെള്ളിയേപ്പള്ളിയിൽ 26കാരിയെയാണ് തലക്ക് പരിക്കേറ്റനിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് പരീക്ഷക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പുലർച്ച 4.50ഓടെ ഇറങ്ങിയ യുവതി വീടിന് 150 മീ. ദൂരത്തെത്തിയപ്പോൾ ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന യുവതി അപകടനില തരണംചെയ്തു.
ഏറ്റുമാനൂർ സ്വദേശിനിയായ യുവതി മൂന്നുവർഷമായി വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകക്ക് താമസിക്കുകയാണ്. പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് ഡ്രൈവറായി വിരമിച്ച സന്തോഷ്. മുമ്പ് കെ.എസ്.ഇ.ബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ.
തീർഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിെൻറ ഓട്ടോയിലാണ് യാത്രചെയ്തിരുന്നത്. തുടർന്ന് ഇവർ അടുപ്പത്തിലാവുകയും യുവതി സന്തോഷിനൊപ്പം ഒരുമിച്ചു ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആറാംതീയതി ഇരുവരും അർത്തുങ്കലും മറ്റും പോയ ശേഷം യുവതിയെ വൈകീട്ടോടെ വീട്ടിലെത്തിച്ചു. യുവതിയുടെ ആവശ്യപ്രകാരം പിറ്റേന്ന് വെളുപ്പിന് ഒരുമിച്ച് ജീവിക്കാൻ എവിടെയെങ്കിലും പോകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
സന്തോഷ് ബുധനാഴ്ച വെളുപ്പിന് നാേലാടെ ബന്ധുവിെൻറ കാറിൽ വീട്ടിൽനിന്ന് ഇരുമ്പുപാരയുമായി യുവതിയുടെ വീടിനു സമീപം കാത്തുകിടന്നു. സന്തോഷ് സ്ഥലത്തെത്തിയെന്ന് ഫോൺ വിളിച്ച് ഉറപ്പിച്ചശേഷം യുവതി വീട്ടിൽനിന്ന് ഇറങ്ങിവന്നു. യുവതി വന്നയുടൻ സന്തോഷ് ആക്രമിക്കുകയായിരുന്നു. അടിയേറ്റ യുവതി മരിെച്ചന്നുകരുതി ഫോണും കൈക്കലാക്കി കാറിൽ രക്ഷപ്പെട്ടു. തുടർന്ന് കാർ പാലായിലെ വർക്ക്ഷോപ്പിൽ ഏൽപിച്ചശേഷം തെളിവ് നശിപ്പിക്കാൻ യുവതിയുടെ മൊബൈൽ ഫോൺ മീനച്ചിലാറ്റിലേക്ക് എറിഞ്ഞു. തുടർന്ന് ടൗണിൽ ഓട്ടോയുമായി എത്തി. ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പുപാരയും പൊലീസ് കണ്ടെടുത്തു.
ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രെൻറ മേൽനോട്ടത്തിൽ പാലാ എസ്.എച്ച്.ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ്.ഐ കെ.എസ്. ശ്യാംകുമാർ, എസ്.ഐ തോമസ് സേവ്യർ, എ.എസ്.ഐ എ.ടി. ഷാജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.എസ്. രാജേഷ്, അരുൺ ചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.