വരുന്നു, മലങ്കര-മീനച്ചിൽ ജലസേചന പദ്ധതി
text_fieldsമൂലമറ്റം: മലങ്കര-മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് പുറമേ മലങ്കര-മീനച്ചിൽ ജലസേചന പദ്ധതിക്കും തുടക്കമാകുന്നു. പദ്ധതിയെക്കുറിച്ച് പഠനം നടത്താൻ വാപ്കോസ് കൺസൾട്ടൻസിയുമായി ഇറിഗേഷൻ അധികൃതർ ചർച്ച നടത്തി. ആദ്യഘട്ട സ്ഥലസന്ദർശനവും പൂർത്തിയായി. മീനച്ചിൽ പദ്ധതിയുടെ ഉപജ്ഞാതാവായ കെ.എം. മണിയുടെ സ്വപ്നം ഇപ്രാവശ്യമെങ്കിലും പൂർത്തിയാകുമോയെന്നാണ് ജനങ്ങൾ കാത്തിരിക്കുന്നത്.
വേനൽക്കാലത്ത് വറ്റിവരളുന്ന മീനച്ചിൽ നദിയെ ജലസമൃദ്ധമാക്കി ജലക്ഷാമം പരിഹരിക്കലാണ് ലക്ഷ്യം. മൂലമറ്റം വൈദ്യുതി നിലയത്തിലെ വൈദ്യുതോൽപാദനത്തിനുശേഷം മിച്ചമുള്ള ജലം മീനച്ചിലിലേക്ക് തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിര ഒഴുക്ക് നിലനിർത്തുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ മൂന്നുകോടി അനുവദിച്ചിട്ടുണ്ട്. വൈദ്യുതോൽപാദനശേഷം ഒഴുകിയെത്തുന്ന ജലം മൂലമറ്റം മൂന്നുങ്കവയൽ പാലത്തിന് സമീപം ചെറിയ അണക്കെട്ട് നിർമിച്ച് തടഞ്ഞുനിർത്തും. അതിൽനിന്ന് 450 മീറ്റർ നീളത്തിൽ കനാൽ നിർമിച്ച് വെള്ളം ഒഴുക്കും. അവിടെനിന്ന് 6.5 കിലോമീറ്റർ നീളത്തിൽ മേലുകാവ് പഞ്ചായത്തിലേക്ക് ടണൽവഴി വെള്ളം എത്തിക്കും. തുടർന്ന് 200 മീറ്റർ ചാലുകീറി നരിമറ്റം ഭാഗത്ത് എത്തിച്ച് കാടാംപുഴയിലേക്ക് ജലം എത്തിക്കുന്നതാണ് പദ്ധതി. പദ്ധതി പൂർത്തിയാകുന്നതോടെ കോട്ടയത്തെ 12 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും കുടിവെള്ളം ഉറപ്പാക്കുന്നതിനൊപ്പം വേനൽക്കാലത്ത് നദിയിൽ ആവശ്യത്തിന് ജലമൊഴുക്ക് സാധ്യമാക്കാനും സാധിക്കും. പദ്ധതിയുടെ സാധ്യതകൾ വിലയിരുത്താൻ കഴിഞ്ഞവർഷം ജൂണിൽ സർക്കാർ ആറംഗ സമിതിക്ക് രൂപംനൽകിയിരുന്നു.
780 മെഗാവാട്ട് ശേഷിയുള്ള മൂലമറ്റത്തെ വൈദ്യുതി നിലയത്തിന് പുറമെ 800 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു നിലയംകൂടി സ്ഥാപിക്കാനുള്ള നടപടി ദ്രുതഗതിയിൽ മുന്നേറുകയാണ്. ഇതിന്റെ പഠനവും വാപ്കോസ് കൺസൾട്ടൻസിയാണ് നടത്തിവരുന്നത്. രണ്ടാംനിലയം കൂടി യാഥാർഥ്യമാകുന്നതോടെ മലങ്കര ജലാശയത്തിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഇരട്ടിയിലധികമായി വർധിക്കും.
നിലവിലെ രീതിയിൽനിന്ന് വ്യത്യസ്തമായി പീക് ടൈം ആയ വൈകീട്ട് ആറു മുതൽ രാത്രി 11 വരെയാകും നിലയങ്ങൾ പ്രവർത്തിപ്പിക്കുക. ആയതിനാൽ തന്നെ ഈ സമയം ഒഴുകിയെത്തുന്ന ജലം തടഞ്ഞുനിർത്താനോ ഒഴുക്കിവിടാനോ മലങ്കര ജലാശയത്തിന് മാത്രമായി സാധിക്കില്ല. പകുതിയോളം വെള്ളം ഉപയോഗിച്ച് മലങ്കരയിൽനിന്ന് ഏഴു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. 491 മില്യണ്‍ ക്യുബിക് മീറ്റര്‍ ഇടത്-വലത് കര കനാലുകൾ വഴി ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ട്.
മലങ്കര ജലാശയത്തിൽനിന്നാണ് മുട്ടം, കരിങ്കുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തിലേക്കും നിലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. ശേഷി കുറഞ്ഞ മലങ്കര ഡാമിൽ അധികജലം സംഭരിച്ച് നിർത്താൻ സാധ്യമല്ല. ആയതിനാൽ വർഷത്തിൽ എട്ടുമാസത്തിലധികവും ജലം ഷട്ടർ തുറന്ന് ഒഴുക്കികളയുകയാണ്. ഇത് പലപ്പോഴും മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്. പുതിയ പദ്ധതികൾ വരുന്നതോടെ പഴാക്കിക്കളയുന്ന ജലത്തിന്റെ തോത് കുറക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.