വരുന്നു... ഏറ്റുമാനൂരിൽ മിനി സിവിൽ സ്റ്റേഷൻ
text_fieldsഏറ്റുമാനൂർ: ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ ആദ്യഘട്ട നിർമാണത്തിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും നിർമാണം ഉടൻ തുടങ്ങാൻ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപത്തെ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റുമാനൂർ ഭാഗത്തെ സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു സമീപം ക്വാർട്ടേഴ്സിനോടു ചേർന്ന് 90.25 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുക. ഏറ്റുമാനൂരിൽ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന 18 സർക്കാർ ഓഫിസുകളെ മിനി സിവിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരാനാകും. 64,000 ചതുരശ്രയടിയിൽ ആറു നിലകളിലായി നിർമിക്കുന്ന സിവിൽ സ്റ്റേഷന് 32 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിൽ ആദ്യഘട്ട നിർമാണത്തിനാണ് 15 കോടി രൂപ. ബാക്കി തുക പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
28,050 ചതുരശ്രയടി കെട്ടിടമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുക. റവന്യൂ പുറമ്പോക്കിൽ നിലവിലുള്ള പൊലീസ് ക്വാർട്ടേഴ്സിന്റെ ഒരുഭാഗം ഇതിനായി എടുക്കേണ്ടിവരും. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുമായി സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭ അംഗം ഇ.എസ്. ബിജു, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.