അഗ്നിരക്ഷാസേനക്ക് തലവേദനയായി തുടർതീപിടിത്തങ്ങൾ
text_fieldsഏറ്റുമാനൂർ: ഐ.ടി.ഐക്കുസമീപം തുടർ തീപിടിത്തങ്ങൾ അഗ്നിരക്ഷാസേനക്ക് തലവേദനയാകുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ച സ്ഥലങ്ങളിലാണ് വീണ്ടും തീപിടിത്തം ഉണ്ടാകുന്നത്. ഐ.ടി.ഐക്ക് സമീപം ഇത് നാലാം തവണയാണ് തീപിടിത്തമുണ്ടാകുന്നത്.
വേനൽ കടുത്തതോടെ തീപിടിത്തങ്ങളുടെ എണ്ണം പെരുകുകയാണ്.
വെള്ളക്ഷാമവും ഒരേസമയം പല സ്ഥലങ്ങളിലുള്ള തീപിടിത്തങ്ങൾ മൂലം അഗ്നിരക്ഷാസേന നെട്ടോട്ടമോടുകയാണ്. കനത്ത വേനലിൽ പ്രദേശമാകെ കരിഞ്ഞുണങ്ങി നിൽക്കുന്നതും അശ്രദ്ധമായി തീയിടുന്നതും സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നതുമെക്കയാണ് ഇപ്പോഴുള്ള തീപിടിത്തങ്ങൾക്ക് കാരണം.
എന്നാൽ തീ അണച്ച സ്ഥലങ്ങളിൽ വീണ്ടും തിപിടിത്തമുണ്ടാകുന്നത് കനലുകൾ പൂർണമായും അണയാത്തതിനാലാണ്. വേനൽ കാറ്റ് അടിക്കുമ്പോൾ കനലുകൾ എരിയുന്നതാണ് തുടർ തീപിടിത്തങ്ങൾക്ക് കാരണം.
ചൊവ്വാഴ്ച രാവിലെയായിരുന്നു ഏറ്റുമാനൂർ ഗവ. ഐ.ടി.ഐക്കുസമീപം തരിശ് ഭൂമിയിൽ വൻ തീപിടിത്തം ഉണ്ടായത്. കൂറ്റൻ മരങ്ങളും ഇല്ലിക്കൂട്ടങ്ങളും ഉൾപ്പെടെയുള്ളവ അഗ്നിക്കിരയായി. മൂന്നര ഏക്കറോളം വരുന്ന സ്ഥലത്തായിരുന്നു അഗ്നിബാധ. കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നായി അഗ്നിശമന സേനയുടെ നാലു യൂനിറ്റുകളെത്തി മൂന്നു മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. എന്നാൽ അഗ്നിരക്ഷാസേന മടങ്ങിയതിനുശേഷം വീണ്ടും തുടർതീപിടിത്തങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.