വാക്ക് പാലിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി 'സ്റ്റാന്‍ഡ് വിട്ടുപോകണമെന്ന്' നഗരസഭ
text_fieldsഏറ്റുമാനൂര്‍: നഗരസഭ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം കെ.എസ്.ആര്‍.ടി.സി പണയപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. വാക്കുപാലിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥലം തിരിച്ചുനല്‍കണമെന്ന് നഗരസഭയും. ഏറ്റുമാനൂരിനെ വഞ്ചിച്ച ഇടത് സര്‍ക്കാറിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോണ്‍ഗ്രസും രംഗത്ത്.
ഏറ്റുമാനൂരിന്റെ വികസനം മുന്നില്‍ കണ്ടാണ് നഗര ഹൃദയഭാഗത്ത് കോടികള്‍ വിലമതിക്കുന്ന സ്ഥലം നഗരസഭ അധികൃതര്‍ കെ.എസ്.ആര്‍.ടി.സിക്ക് വിട്ടുനല്‍കിയത്. ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും നിര്‍മിക്കുമെന്ന ഉറപ്പിലായിരുന്നു സ്ഥലം സൗജന്യമായി നല്‍കിയത്.
2013ല്‍ പഞ്ചായത്തായിരുന്ന സമയത്താണ് 2.75 ഏക്കര്‍ സ്ഥലം വിട്ടുകൊടുത്തത്. രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കിയിരുന്നു. ഈ ഇനത്തില്‍ തന്നെ ഏകദേശം 35 ലക്ഷം രൂപ കെ.എസ്.ആർ.ടി.സി ലാഭിക്കുകയും ചെയ്തു.
എന്നാല്‍, കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തുനിന്നും നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. പഴയ കെട്ടിടം ജീര്‍ണിച്ച് താഴെവീഴുമെന്ന അവസ്ഥ എത്തിയപ്പോള്‍ ജോസ് കെ. മാണി എം.പി തന്‍റെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രം മാത്രമാണ് നിലവിലുള്ളത്. ഇതാകട്ടെ പരാതിപ്പെരുമഴയില്‍ കുളിച്ച് നില്‍ക്കുകയുമാണ്. അശാസ്ത്രീയമായ നിര്‍മാണംമൂലം ഒറ്റ മഴക്ക് കാത്തിരിപ്പുകേന്ദ്രം വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയിലാണ്.
കാത്തിരിപ്പ് കേന്ദ്രത്തിന് ഇരുവശത്തുമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ശൗചാലയങ്ങളുണ്ട്. എന്നാല്‍, ഇവ തുറന്നിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. കരാര്‍ എടുക്കാന്‍ ആളില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം. കിണറുണ്ടെങ്കിലും മോട്ടോര്‍ തകരാറിലാണ്. സമീപത്തെ പേ ആന്‍ഡ് പാര്‍ക്കും കരാറുകാരനില്ലാത്തതിനാല്‍ അനാഥമാണ്. സ്റ്റാന്‍ഡിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തരഹിതമാണ്. ഇരുട്ട് വീണാല്‍ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണ്.
കഴിഞ്ഞദിവസവും സ്റ്റാന്‍ഡില്‍ പരസ്യ മദ്യപാനം നടത്തിയ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇത്രയേറെ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നതിനിടയിലാണ് നഗരസഭ വിട്ടുകൊടുത്ത ഭൂമി കെ.എസ്.ആര്‍.ടി.സി പണയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.